ലണ്ടൻ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് വേണ്ടിയുള്ള ജൈവ സുരക്ഷാ നടപടികളും ഇളവുകളും പ്രഖ്യാപിച്ച് ഐ.സി.സി. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി ഇന്ത്യൻ ടീം അംഗങ്ങൾ ജൂൺ മൂന്നിന് ഇംഗ്ലണ്ടിലെത്തും. താരങ്ങളൊക്കെ കോവിഡ് ആർടിപിസിആർ നെഗറ്റീവ് ടെസ്റ്റ് കയ്യിൽ കരുതണം. 14 ദിവസത്തെ ക്വാറൻ്റീനു ശേഷമാവും ഇന്ത്യ ഇംഗ്ലണ്ടിലെത്തുക. ജൂൺ 18നാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആരംഭിക്കുക.
ജൂൺ 18-ന് സതാംപ്ടണിൽ ഇന്ത്യയും ന്യൂസീലൻഡും തമ്മിലാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ. ഇംഗ്ലണ്ടുമായി രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയ്ക്കായി ന്യൂസീലൻഡ് താരങ്ങൾ ഇപ്പോൾ ഇംഗ്ലണ്ടിലുണ്ട്. ജൂൺ 15-ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ ബയോ ബബിളിൽ നിന്ന് കിവീസ് താരങ്ങളെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ബയോ ബബിളിലേക്ക് മാറ്റും. ജൂൺ രണ്ടിനും 14-നും ഇടയിലാണ് ഇംഗ്ലണ്ട് - ന്യൂസീലൻഡ് ടെസ്റ്റ് പരമ്പര.
നിലവിൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പിനും പിന്നാലെ നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനുമുള്ള താരങ്ങൾ നിലവിൽ മുംബൈയിൽ ക്വാറൻ്റീനിലാണ്. ജൂൺ രണ്ടിന് മുംബൈയിൽ നിന്ന് ചാർട്ടേർഡ് വിമാനത്തിൽ ടീം ഇംഗ്ലണ്ടിലേക്ക് തിരിക്കും.