യുഎസ് : ഫേസ്ബുക്കും ഗൂഗിളും സോഷ്യൽ മീഡിയ സേവനങ്ങളുമായി വരുന്നതിന് മുൻപ് ആളുകൾക്കിടയിൽ ഓൺലൈൻ കൂട്ടായ്മയുണ്ടാക്കിയ യാഹൂ ഗ്രൂപ്പ് പ്രവർത്തനം നിർത്തുന്നു. ഈ വർഷം ഡിസംബർ 15ന് പ്രവർത്തനം അവസാനിപ്പിക്കും എന്ന് യാഹൂ ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്.
19 വർഷത്തെ സേവനത്തിന് ശേഷമാണ് യാഹൂ ഗ്രൂപ്പ് പ്രവർത്തനം നിർത്തുന്നത് . കഴിഞ്ഞ കുറേ വർഷങ്ങളായി യൂസർമാർ ഗണ്യമായി കുറഞ്ഞതോടെയാണ് യാഹൂ ഗ്രൂപ് അടച്ചുപൂട്ടാൻ കമ്പനി തീരുമാനിച്ചത്. ഡിസംബർ 15 മുതൽ ഉപയോക്താക്കൾക്ക് ഇനി പുതിയ ഗ്രൂപ്പുകൾ ഉണ്ടാക്കാനോ ഗ്രൂപ്പുകളിൽ നിന്ന് മെയിലുകൾ അയക്കാനോ സ്വീകരിക്കാനോ സാധിക്കില്ല.
2001ൽ സേവനം ആരംഭിച്ച യാഹൂ ഗ്രൂപ്പിന് ഗൂഗിൾ, ഫേസ്ബുക്ക്, റെഡ്ഡിറ്റ് തുടങ്ങിയ കമ്പനികളുമായി മത്സരിക്കാൻ സാധിച്ചില്ല. ഉപയോക്താക്കൾ ഇനി ഗ്രൂപ്പിൽ നിന്നും മെയിൽ അയച്ചാൽ സന്ദേശം ലക്ഷ്യ സ്ഥാനത്ത് എത്തില്ല. പകരം ശ്രമം പരാജയപ്പെട്ടതായുള്ള മുന്നറിയിപ്പായിരിക്കും ലഭിക്കുക.