ന്യൂഡല്‍ഹി: മുസ്ലീം ജിഹാദി വോട്ട് ബാങ്ക് നിലനിര്‍ത്താനുളള മത്സരമാണ് കേരള നിയമസഭയില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ നടത്തുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍.
ഇതിനു വേണ്ടിയല്ല കേരളത്തിലെ ജനങ്ങള്‍ 140 അംഗങ്ങളെ നിയമസഭയിലേക്ക് തിരഞ്ഞെടുത്തത്. മോദി വിരുദ്ധ രാഷ്ട്രീയത്തിന് മാര്‍ക്കറ്റുണ്ടെന്ന് സിപിഎമ്മിന് അറിയാം. അത് അവരില്‍ നിന്ന് തിരിച്ചുപിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നെന്നും മുരളീധരന്‍ പറഞ്ഞു.
കൊവിഡ് വാക്സിന്‍ നല്‍കേണ്ടത് സംസ്ഥാനങ്ങളാണ്. അല്ലെങ്കില്‍ പിന്നെ എന്തിനാണ് വാക്സിനായി ആഗോള ടെന്‍ഡര്‍ വിളിക്കുമെന്ന് പറഞ്ഞത്. ജനങ്ങളെ കബളിപ്പിച്ച് തത്ക്കാലത്തേക്ക് കൈയടി വാങ്ങാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേന്ദ്ര പദ്ധതികളെ അട്ടിമറിക്കാനുളള ബോധപൂര്‍വ്വമായ ശ്രമമാണ് സംസ്ഥാനം നടത്തുന്നത്.
കൊടകര കേസില്‍ പാര്‍ട്ടിയ്ക്ക് ഒരു ബന്ധവുമില്ലെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ കൂടുതല്‍ പറയാന്‍ ഇന്ന് തനിക്ക് താത്പര്യമില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.