കുഴല്‍പ്പണക്കേസ്: 1.12 കോടിയും 347 ഗ്രാം സ്വര്‍ണവും പിടികൂടിയെന്ന് മുഖ്യമന്ത്രി; ഒത്തുകളിയെന്ന് പ്രതിപക്ഷം

കുഴല്‍പ്പണക്കേസ്: 1.12 കോടിയും 347 ഗ്രാം സ്വര്‍ണവും പിടികൂടിയെന്ന് മുഖ്യമന്ത്രി; ഒത്തുകളിയെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് 1.12 കോടി രൂപയും കവര്‍ച്ച ചെയ്ത പണം ഉപയോഗിച്ച് വാങ്ങിയ 347 ഗ്രാം സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണുകളും വാച്ചുകളും കണ്ടെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭില്‍ വ്യക്തമാക്കി.

കൊടകര കുഴല്‍പ്പണകേസ് സംബന്ധിച്ച് ഷാഫി പറമ്പിലിന്റെ അടിയന്തര പ്രമേയ നോട്ടിസിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം മുഖ്യമന്ത്രി തള്ളി. കൊടകര കേസില്‍ അന്വേഷണം തുടരുകയാണ്. പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. തൃശൂര്‍ റേഞ്ച് ഡിഐജിയാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.2 0 പ്രതികളെ ഇതിനകം അറസ്റ്റ് ചെയ്തുവെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

കേസില്‍ സിപിഎമ്മും ബിജെപിയും ഒത്തുകളിക്കുകയാണെന്നു പ്രതിപക്ഷം ആരോപിച്ചത് വാക്കു തര്‍ക്കത്തിനിടയാക്കി. ബിജെപി നേതാക്കളുടെ പങ്ക് പുറത്തു പറയാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. ഒത്തുതീര്‍പ്പിന്റെ വിവരം ഉണ്ടെങ്കില്‍ തുറന്നു പറയാന്‍ മുഖ്യമന്ത്രി വെല്ലുവിളിച്ചു.

പരാതിക്കാരനായ ഷംജീറിനെയും പണം ഏല്‍പ്പിച്ച കോഴിക്കോട് സ്വദേശി ധര്‍മരാജനെയും വിശദമായി ചോദ്യം ചെയ്തു. സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം കേസിന്റെ അന്വേഷണത്തിനായി തൃശൂര്‍ റെയ്ഞ്ച് ഡിഐജിയുടെയും എറണാകുളം ക്രൈം ബ്രാഞ്ച് എസ്പിയുടെയും മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പാലക്കാട് ഡിവൈഎസ്പിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.

ഇ.ഡി കേരളാ പോലീസിനോട് ആവശ്യപ്പെട്ട രേഖകള്‍ ജൂണ്‍ ഒന്നിന് കൈമാറി. കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഊര്‍ജ്ജിതമായി നടക്കുകയാണ്. അതുകൊണ്ട് തന്നെ സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.