ഇടതുപക്ഷ പ്രതീക്ഷകള്‍

ഇടതുപക്ഷ പ്രതീക്ഷകള്‍

ചരിത്രം തിരുത്തിയ വിജയത്തിളക്കവുമായി രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റിരിക്കുകയാണ്. അര്‍ജന്റീനാ ലോകകപ്പു നേടിയെടുത്തത് ക്യാപ്റ്റന്‍ മറഡോണയുടെ ഏക മികവിലായിരുന്നതുപോലെ, ക്യാപ്റ്റന്‍ പിണറായിയുടെ നേതൃപാടവത്തിന് കേരള ജനത നല്‍കിയ അംഗീകാരമാണ് ഈ ഭരണത്തുടര്‍ച്ച. സാഹചര്യങ്ങളത്രയും പ്രതികൂലമായിരുന്നിട്ടും പ്രവചനങ്ങളെ വെല്ലുന്ന വിജയത്തിളക്കത്തിന്റെ കാര്യകാരണങ്ങള്‍ കേരള സഭയ്ക്കും പ്രസക്തമാണ്. മ്രന്തിസഭയിലെ ബന്ധു നിയമന വിവാദങ്ങളും അര്‍ഹരായവരെ ബോധപൂര്‍വ്വം അവഗണിച്ചതും വിജയത്തിളക്കത്തിന്റെ മാറ്റു കുറച്ചെങ്കിലും ഈ വിജയം വിലയിരുത്തപ്പെടേണ്ടതു തന്നെയാണ്.

ഒന്നാമതായി ജനവികാരം തിരിച്ചറിഞ്ഞ് നയ രൂപീകരണം നടത്താനുള്ള പാര്‍ട്ടി സംവിധാനം ഇടതുപക്ഷത്തു മാത്രമേ ഉണ്ടായിരുന്നുള്ളു. 20 ല്‍ 19 സീറ്റും നഷ്ടപ്പെട്ട ലോകസഭാ തിരഞ്ഞെടുപ്പിന്റെ പരാജയ കാരണം, ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ എടുത്ത നിലപാടാണെന്ന് തിരിച്ചറഞ്ഞ സി.പി.എം തെറ്റായ നിലപാട് സമ്പൂര്‍ണ്ണമായും തിരുത്തി. മത വിശ്വാസങ്ങളില്‍ അനാവശ്യമായി ഇടപെടേണ്ടതില്ല എന്ന നയം മാറ്റം വൈരുധ്യാത്മക ഭൗതിക വാദത്തിലുള്ള വെള്ളം ചേര്‍ക്കലാണെങ്കിലും ജനാധിപത്യത്തില്‍ ഒത്തു തീര്‍പ്പുകള്‍ക്കാണ് വിജയ സാധ്യത എന്ന് പാര്‍ട്ടി തിരിച്ചറിഞ്ഞു. ഇടതുപക്ഷത്തിന്റെ നയം മാറ്റത്തെ ജനം അംഗീകരിച്ച ശേഷവും യു.ഡി.എഫ് ശബരിമലയ്ക്ക് ചുറ്റും വട്ടം കറങ്ങുകയായിരുന്നു. കയ്യിലുണ്ടായിരുന്ന ന്യൂനപക്ഷ വോട്ടുകള്‍ കൂടി നഷ്ടപ്പെടുത്താന്‍ യു.ഡി.എഫിന്റെ ഈ മൃദുഹി ന്ദുത്വ നിലപാടില്ലായ്മ നിമിത്തമായി.

രണ്ടാമതായി, യുദ്ധത്തില്‍ നേതൃത്വത്തിന്റെ പ്രാധാന്യം ഇടതുമുന്നണി തിരിച്ചറിഞ്ഞപ്പോള്‍ വലതു മുന്നണിയില്‍ നേതാക്കളുടെ ബാഹുല്യമായിരുന്നു. മുഖ്യമന്ത്രിക്കു പിന്നില്‍ കഴിഞ്ഞ 5 വര്‍ഷവും പാര്‍ട്ടിയെ ഒറ്റക്കെട്ടായി നിര്‍ത്തിയ കോടിയേരി ബാലകൃഷ്ണന്റെ ആത്മാര്‍ത്ഥതയും ഭരണത്തുടര്‍ച്ചയ്ക്ക് കാരണമായി. അച്യുതാനന്ദന്‍ സര്‍ക്കാരിനോട് നിരന്തരം ഏറ്റുമുട്ടിയ പിണറായി വിജയന്‍ എന്ന പാര്‍ട്ടി സ്രെകട്ടറിയുടെ പിന്തുടര്‍ച്ചക്കാരനായിരുന്നില്ല കോടിയേരി എന്നത് ശ്രദ്ധേയമാണ്. സര്‍ക്കാരിനും പാര്‍ട്ടിക്കും ഒരേ സ്വരം, അത് മുഖ്യമന്ത്രിയുടെ സ്വരം എന്ന നിലപാട് കേരള ജനതയ്ക്ക് സ്വീകാര്യമായിരുന്നു. പാര്‍ട്ടിക്ക് മുകളില്‍ വളര്‍ന്ന കൊന്നത്തെങ്ങായി മുഖ്യമന്തി മാറി എന്ന ആക്ഷേപത്തില്‍ കഴമ്പുണ്ടെങ്കിലും പൊതു സമൂഹത്തിന് അത് പ്രശ്‌നമായിരുന്നില്ല. വലതു മുന്നണിയില്‍ നേതാവ് എന്ന സങ്കല്പം അസ്തമിച്ചിട്ട് വര്‍ഷങ്ങളായി. നേതാക്കളുടെ ബാഹുല്യത്തെ കൂട്ടായ നേതൃത്വം എന്ന ഓമനപ്പേരില്‍ വിളിച്ചാലും അത് തമ്മിലടി ഒതുക്കാനുള്ള കഴിവില്ലായ്മയാണെന്ന് ജനം തിരിച്ചറിയുന്നുണ്ട്. പ്രതിപക്ഷ നേതാവായിരുന്ന ചെന്നിത്തല ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ വലതുപക്ഷത്തെ മുന്‍നിര നേതാക്കളൊന്നും അറിഞ്ഞ മട്ടുപോലും കാട്ടിയില്ല. ആരോപണങ്ങളൊക്കെ നനഞ്ഞ പടക്കങ്ങളായി മാറിയതിന്റെ പിന്നില്‍ നേതാക്കളുടെ ''കൂട്ടില്ലാത്ത നേതൃത്വം' വഹിച്ച പങ്കും വളരെ വലുതാണ്.

മൂന്നാമതായി, ഇടതുപക്ഷത്തിന് ഇത്തവണ ഒരു അപ്രതീക്ഷിത സഹായം കിട്ടിയത് ബി.ജെ.പിയില്‍ നിന്നാണ്. ''കോണ്‍ഗ്രസ് മുക്തഭാരതം'' എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ കോണ്‍ഗ്രസിന്റെ ശേഷിക്കുന്ന പച്ചത്തുരുത്തായ കേരളത്തെ ലക്ഷ്യമാക്കിയതില്‍ ബി.ജെ.പിയുടെ ദീര്‍ഘ വീക്ഷണമുണ്ട്. ബി.ജെ.പിയുടെ ക്രമാനുഗതമായ വോട്ടു ഷെയര്‍ വര്‍ധന കൂടി കണക്കിലെടുത്താല്‍ ഇത്തവണ ബി.ജെ.പിക്ക് ഒരു ശതമാനത്തോളം വോട്ടു ചോര്‍ച്ച സംഭവിച്ചിട്ടുണ്ട്. ഇതിന്റെ ഗുണഭോക്താക്കള്‍ ഇടതുപക്ഷമാണ്. തിരഞ്ഞെടുക്കപ്പെട്ട നാല്‍പതോളം മണ്ഡലങ്ങളില്‍ ഇപ്രകാരം വോട്ടു മറിക്കല്‍ നടന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ഇടതുപക്ഷത്തോടുള്ള സ്‌നേഹം കൊണ്ടോ അവരോട് ചര്‍ച്ചചെയ്തിട്ടോ നടപ്പിലാക്കിയ തീരു മാനമല്ല ഇത്. അഞ്ച് സീറ്റെങ്കിലും നേടി പ്രതിപക്ഷത്തെത്തി പ്രതിപക്ഷ പാര്‍ട്ടികളെ വിഴുങ്ങി അടുത്ത തിരഞ്ഞെടുപ്പ് ഇടതുപക്ഷവും ബി.ജെ.പിയും തമ്മിലുള്ള ഏറ്റുമുട്ടലാക്കി മാറ്റുക എന്നതായിരുന്നു ആ തന്ത്രം. എന്നാല്‍ വലതുപക്ഷത്തിന്റെ ത്രന്തപരമായ നീക്കങ്ങള്‍ ബി.ജെ.പിയുടെ തുറന്ന അക്കൗണ്ട് കൂടി പൂട്ടിച്ചതോടെ ഈ തന്ത്രം പാഴായിപ്പോയി. എങ്കിലും ഈ കളിയില്‍ ലോട്ടറിയടിച്ചത് ഇടതു പക്ഷത്തിനായിരുന്നു.

നാലാമതായി, മുസ്ലീം ലീഗിന് മുസ്ലീം സമുദായത്തിലുള്ള സ്വാധീനം കുറയുകയും പ്രസ്തുത സ്ഥാനം തീവ്രപക്ഷ മുസ്ലീം സംഘടനകള്‍ കൈയാളുകയും ചെയ്തിട്ടുണ്ട്. ഈ തീവ്രപക്ഷ മുസ്തീം സംഘടനകളെല്ലാം ഇടതുപക്ഷത്തിന് പൂര്‍ണ്ണ പിന്തുണയുമായി ഒപ്പം നിന്നു. കോണ്‍ഗ്രസ് പിന്തുടരുന്ന മൃദു ഹിന്ദുത്വ നയങ്ങള്‍ മുസ്ലീം സമുദായത്തെ പുനര്‍ വിചിന്തനത്തിന് പ്രേരിപ്പിച്ചിട്ടുണ്ട്. പൗരത്വ ബില്ലിനെതിരെ പടനയിച്ചു പിണറായി വിജയനില്‍ അവര്‍ തങ്ങളുടെ രക്ഷകനെ താത്കാലികമായി കണ്ടെത്തി എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. ഇടതുപക്ഷത്ത് മുസ്ലീം തീരവവാദ ചിന്താഗതിക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നത് കേരളത്തിന്റെ മതേതരത്വത്തെ സമീപഭാവിയില്‍ ദോഷകരമായി ബാധിക്കും.

അഞ്ചാമതായി, വലതുപക്ഷത്തിന്റെ പരമ്പരാഗത വോട്ടുബാങ്കായ ക്രിസ്ത്യന്‍ സമുദായവും പുനര്‍വിചിന്തനത്തിന് വിധേയമായി എന്നു കരുതാം. തിരഞ്ഞെടുപ്പ് അടുത്ത നാളുകളില്‍ മാണിസാറിന്റെ പാര്‍ട്ടിയെ പുറത്താക്കിയ അവിവേകം ക്രിസ്ത്യന്‍ സമുദായത്തില്‍ വലതുപക്ഷ വിരുദ്ധ മനോഭാവം വളര്‍ത്തി. യു.ഡി.എഫ് സര്‍ക്കാരില്‍ ലീഗിന്റെ അപ്രമാദിത്വമായിരുന്നെന്ന മുന്‍കാല അനുഭവവും ക്രൈസ്തവരെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. സംവരേണത സമൂഹങ്ങളിലെ പിന്നോക്കകാര്‍ക്ക് ഏര്‍പ്പെടുത്തിയ 10 ശതമാനം സംവരണവും നാടാര്‍ സംവരണവും കോശി കമ്മീഷന്‍ നിയമനവും അധ്യാപക നിയമന പാക്കേജുമൊക്കെ ക്രൈസ്തവരെ കൂടുതല്‍ ഇടതുപക്ഷത്തേക്ക് അടുപ്പിച്ചു എന്നത് സത്യമാണ്. ലൗജിഹാദ്, ഹഗിയ സോഫിയ വിഷയങ്ങളില്‍ ലീഗിലെ ചില രണ്ടാം നിര നേതാക്കളുടെ അപക്വമായ പ്രസ്താ വനകള്‍ മുറിവുകളില്‍ മുളകുതേച്ചതിനു തുല്യമായി ക്രൈസ്തവര്‍ വിലയിരുത്തി എന്നതും സത്യമാണ്. കേരളത്തിലെ ക്രൈസ്തവ-മുസ്ലീം ന്യൂനപക്ഷങ്ങളെ ഭിന്നിപ്പിച്ച് രാഷ്രീയ നേട്ടം കൊയ്യാനുള്ള സംഘ പരിവാറിന്റെ കരുനീക്കങ്ങള്‍ തിരിച്ചറിയാതെ ക്രൈസ്തവര്‍ ചിലരെങ്കിലും മുസ്ലീം വിരോധത്തിന്റെ അക്ഷത്തില്‍ കറങ്ങുന്നതും ഇടതുപക്ഷത്തിന് തുണയായി.

അവസാനമായി, വികസനത്തേക്കാള്‍ ക്ഷേമ പദ്ധതികളാണ് ഇടതുസര്‍ക്കാര്‍ നടപ്പിലാക്കിയത് എന്ന ആക്ഷേപം പ്രതിപക്ഷം ഉയര്‍ത്തുമ്പോള്‍ പൊതുജനം അത് നന്മയായാണ് വിലയിരുത്തിയത്. ഭക്ഷ്യ കിറ്റുകളും ക്ഷേമ പെന്‍ഷനുകളും സാധാരണക്കാരുടെ ദൃഷ്ടിയില്‍ ഇടതു സര്‍ക്കാരിന് നല്‍കിയ സ്വീകാരൃതയെ വായിച്ചെടുക്കാന്‍ പ്രതിപക്ഷം പരാജയപ്പെട്ടു എന്നതാണ് സത്യം. പ്രളയകാലങ്ങളിലും ഓഖി ദുരന്തത്തിലും ഇടതുസര്‍ക്കാര്‍ പരാജയമായിരുന്നെങ്കിലും കോവിഡ് കാലത്ത് സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന പ്രതീതി ജനിപ്പിക്കാന്‍ കഴിഞ്ഞു. എല്ലാ ദിവസവുമുള്ള പ്രതസമ്മേളനങ്ങള്‍ മുഖ്യമന്ത്രിക്കു നല്‍കിയ ജനസമ്മിതി അത്ഭുതാവഹമായിരുന്നു.

ഇടതു മുന്നണിയുടെ ചരിത്ര വിജയത്തിലും വലതു മുന്നണിയുടെ വോട്ടുവിഹിതം കാര്യമായി കുറഞ്ഞിട്ടില്ല എന്നതില്‍ അവര്‍ക്ക് പ്രത്യാശയ്ക്ക് വകയുണ്ട്. ഗ്രുപ്പുകളി നിര്‍ത്തി ഒറ്റക്കെട്ടായി ക്രിയാത്മക പ്രതിപക്ഷമായി നിലകൊണ്ടാല്‍ അടുത്ത ഭരണം ഭരമേല്‍പിക്കാം എന്ന സന്ദേശമാണ് ജനം യു.ഡി.എ ഫിന് നല്‍കിയിരിക്കുന്നത്. മന്തി സഭയിലെ ബന്ധുനിയമന വിവാദവും മന്ത്രിമാരുടെ ഭരണ പരിചയക്കുറവും ഭരണത്തുടര്‍ച്ച നല്‍കുന്ന ഏകാധിപത്യ മനോഭാവവും ഇതിനു വഴിയൊരുക്കിത്തുടങ്ങിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.