തിരുവനന്തപുരം: ആവേശമുള്ള പുതിയ ടീമായി കോണ്‍ഗ്രസിനെ മാറ്റുമെന്ന് പുതിയ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. പാര്‍ട്ടിയെ തിരികെ കൊണ്ടു വരണമെന്നാണ് രാഹുല്‍ ഗാന്ധി തന്നോട് ആവശ്യപ്പെട്ടിച്ചുള്ളത്. ഏല്‍പ്പിച്ച ദൗത്യം സത്യസന്ധമായി നിറവേറ്റും. കെപിസിസി അധ്യക്ഷനായി ഹൈക്കമാന്‍ഡ് പ്രഖ്യാപനം വന്നശേഷം കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം.
മുതിര്‍ന്ന നേതാക്കള്‍ അടക്കം മുഴുവന്‍ ആളുകളേയും സഹകരിപ്പിച്ച് മുന്നോട്ട് പോകും. എല്ലാ നേതാക്കളേയും നേരില്‍ കണ്ട് സംസാരിക്കും. ഗ്രൂപ്പിനെക്കാള്‍ കര്‍മ്മശേഷിക്കും അര്‍പ്പണ മനോഭാവത്തിനുമായിരിക്കും മുന്‍ഗണന നല്‍കുക. സംഘടനയാണ് എല്ലാറ്റിലും വലുത് എന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമുണ്ടാകില്ല. അതുകൊണ്ടു തന്നെ മുതിര്‍ന്ന നേതാക്കളെ അടക്കം സഹകരിപ്പിച്ച് മുന്നോട്ട് പോകാനാകുമെന്നും സുധാകരന്‍ വ്യക്തമാക്കി.
പ്രമുഖ നേതാക്കളായ ഉമ്മന്‍ ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി ജോസഫ്, കെ.വി തോമസ് തുടങ്ങിയവര്‍ കെ.സുധാകരന് ആശംസകള്‍ അര്‍പ്പിച്ചു.