പാരിസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ മുഖത്തടിച്ച് യുവാവ്. തെക്കന്‍ ഫ്രാന്‍സിലെ ഡ്രോമില്‍ റോഡിനരികില്‍ ജനങ്ങളുമായി സംവദിക്കുന്നതിനിടെയാണ് ഒരാള്‍ മാക്രോണിനെ ആക്രമിച്ചത്. ഹസ്തദാനത്തിനായി കൈനീട്ടിയ പ്രസിഡന്റിന്റെ കവിളത്ത് അടിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
സുരക്ഷാ ജീവനക്കാര്‍ ഇടപെട്ടാണ് മാക്രോണിനെ അക്രമികളില്‍നിന്നു മോചിപ്പിച്ച് സുരക്ഷിതമായ സ്ഥലത്തേക്കു മാറ്റിയത്. വഴിയരികില്‍ കാത്തുനിന്ന ആള്‍ക്കൂട്ടത്തിനടുത്തേക്കു നീങ്ങിയ മാക്രോണിന്റെ കയ്യില്‍ പിടിച്ച് വലിച്ചടുപ്പിച്ച ശേഷമാണ് മുഖത്തടിച്ചത്. സംഭവം ജനാധിപത്യത്തിന് അപമാനമാണെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി ജീന്‍ കാസ്റ്റെസ് പറഞ്ഞു. സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായിട്ടുണ്ട്.
കോവിഡ് മഹാമാരിക്കു ശേഷം രാജ്യത്തെ സാഹചര്യങ്ങള്‍ നേരിട്ട് വിലയിരുത്തുന്നതിനാണ് മാക്രോണ്‍ രാജ്യവ്യാപകമായ സന്ദര്‍ശന പരിപാടി നടത്തുന്നത്. ചൊവ്വാഴ്ചയാണ് സന്ദര്‍ശന പരിപാടി ആരംഭിച്ചത്.