അയർലണ്ട് : നമ്മുടെ കുടുംബത്തിലെ കുറവുകൾ ആദ്യം അറിഞ്ഞ് നമ്മുക്കായി മാധ്യസ്ഥം വഹിക്കുന്നവളാണ് പരിശുദ്ധ അമ്മയെന്ന് സീറോ മലബാർ സഭയുടെ യൂറോപ്യൻ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ. സ്റ്റീഫൻ ചിറപ്പണത്ത് പറഞ്ഞു. നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ ജൂബിലി വർഷത്തിലെ അയർലണ്ട് സീറോ മലബാർ സഭയുടെ നാഷണൽ നോക്ക് തീർത്ഥാടനത്തിൽ വി. കുർബാനക്ക് മുഖ്യകാർമ്മികത്വം വഹിച്ച് വചന സന്ദേശം നൽകുകയായിരുന്നു ബിഷപ്പ്.
കാനായിലെ കല്യാണ വിരുന്നിൽ വെള്ളം വീഞ്ഞാക്കിയ വചന ഭാഗം ഉദ്ദരിച്ച് സംസാരിക്കവെ, ഈശോ പറയുന്നത് അനുസരിക്കാൻ മറിയം ആഹ്വാനം ചെയ്യുന്നതായി ബിഷപ്പ് സ്റ്റീഫൻ പറഞ്ഞു. പരിശുദ്ധ പിതാവ് ഫ്രാൻസീസ് പാപ്പായുടെ മാതൃസ്നേഹവും ബിഷപ്പ് ഉദാഹരണമായി ചൂണ്ടിക്കാട്ടി.
അദേഹത്തിന്റെ എല്ലാ വിദേശയാത്രകളും റോമിലെ സെൻ്റ് മേരി മേജർ പേപ്പൽ ബസിലിക്കയിൽ പ്രാർത്ഥനയോടെ ആരംഭിക്കുകയും സമാപിക്കുകയും ചെയ്തതായും, അവസാനം അദ്ദേഹത്തിന്റെ അന്ത്യവിശ്രമവും അവിടെയായിരുന്നെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. മാതാവിലൂടെ ഈശോയിലേക്കെന്നതാവണം നമ്മുടെ ലക്ഷ്യം ബിഷപ്പ് സ്റ്റീഫൻ ഉദ്ദ്ബോദിപ്പിച്ചു.
ജൂബിലി വർഷത്തിലെ അയർലണ്ട് സീറോ മലബാർ സഭയുടെ നാഷണൽ നോക്ക് തീർത്ഥാടനം ഭക്തിസാന്ദ്രമായി. അയർലണ്ടിലേയും നോർത്തേൺ അയർലണ്ടിലേയും വിവിധ ഭാഗങ്ങളിൽനിന്നെത്തിയ ഏഴായിരത്തോളം വിശ്വാസികൾ പരിശുദ്ധ ദൈവമാതാവിൻ്റെ സാന്നിധ്യം നിറഞ്ഞ് നിൽക്കുന്ന നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രത്തിലെ ബസലിക്കയിൽ ദിവ്യബലി അർപ്പിച്ചു. വിശ്വാസികൾ നിറഞ്ഞ് കവിഞ്ഞ നോക്ക് ബസലിക്കയിൽ നടന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് സീറോ മലബാർ സഭയുടെ യൂറോപ്യൻ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് മുഖ്യകാർമ്മികനായിരുന്നു.
അയർലണ്ട് സീറോ മലബാർ സഭയുടെ നാഷണൽ കോർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ, മുൻ നാഷണൽ കോർഡിനേറ്ററും എർണാകുളം അങ്കമാലി അതിരൂപതയുടെ മുൻ വികാരി ജനറാളുമായ മോൺ. ആൻ്റണി പെരുമായൻ തീർത്ഥാടനത്തിൻ്റെ കോർഡിനേറ്റർ ഫാ. ആൻ്റണി പരതേപ്പതിയ്ക്കൽ, റീജിയണൽ കോർഡിനേറ്റേഴ്സ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ജിൽസൺ കോക്കണ്ടത്തിൽ എന്നിവരും അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേർന്ന ഇരുപത്തഞ്ചോളം വൈദീകരും സഹകാർമ്മികരായിരുന്നു. സഭായോഗം സെക്രട്ടറി ഫാ. സെബാൻ സെബാസ്റ്റ്യൻ വെള്ളാമത്തറയായിരുന്നു തീർത്ഥാടനത്തിൻ്റെ മാസ്റ്റർ ഓഫ് സെറിമണി. പ്രത്യാശയുടെ തീർത്ഥാടകർ എന്ന ജൂബിലി 2025 ൻ്റെ തീം ആയിരുന്നു ഈ തീർത്ഥാടനത്തിനും.
സീറോ മലബാർ സമൂഹം ഐറീഷ് കമ്യൂണിറ്റിക്കും, ആരോഗ്യ പരിപാലന മേഖലയിലും, ക്രിസ്തീയ വിശ്വാസമേഖലയിലും ചെയ്യുന്ന സേവനങ്ങൾക്ക് നന്ദിപറഞ്ഞ് എല്ലാ വിശ്വാസികളേയും നോക്ക് തീർത്ഥാടനത്തിലേയ്ക്ക് സ്വാഗതം ചെയ്തുകൊണ്ട് നോക്ക് അന്താരാട്ര തീർത്ഥാടന കേന്ദ്രം റെക്ടർ വെരി. റവ. ഫാ. റിച്ചാർഡ് ഗിബോൺസ് സംസാരിച്ചു.
പ.ഫ്രാൻസീസ് പാപ്പായിലൂടെ സഭയ്ക്കുനൽകിയ അനുഗ്രഹങ്ങൾക്ക് നന്ദിപറഞ്ഞ് പാപ്പായെ അനുസ്മരിച്ച് പ്രാർത്ഥിച്ച സീറോ മലബാർ സമൂഹം. പുതിയ മാർപ്പാപ്പ ലിയോ പതിനാലാമന് എല്ലാ പ്രാർത്ഥനാ ആശംസകളും നേർന്നു. ഈ വർഷം അയർലണ്ടിലെ വിവിധ കുർബാന സെൻ്ററുകളിൽ നിന്ന് ആഘോഷമായ വി. കുർബാനസ്വീകരണത്തിൽ പങ്കെടുത്ത കുട്ടികൾക്ക് ബിഷപ്പ് വി. കുർബാന നൽകി. അയർലണ്ടിലെ എല്ലാ കുർബാന സെൻ്ററുകളിൽനിന്നുമുള്ള അൾത്താര ബാലന്മാരും കുർബാനയിൽ പങ്കെടുത്തു.
അഞ്ച് കുട്ടികളുള്ള സോർഡ്സിലെ ദിലീപ് മാത്യു സൗമ്യാ ജോസ് ദമ്പതികളേയും ഡെറിയിൽ നിന്നുള്ള ജിബിമോൻ ജോസ് അനുഗ്രഹ തോമസ് ദമ്പതികളേയും തദ്ദവസരത്തിൽ ആദരിച്ചു. മക്കൾക്കായി ആഗ്രഹിക്കുന്ന ദമ്പതികൾക്കായി പ്രത്യേക പ്രാർത്ഥനയും ഉണ്ടായിരുന്നു.
ഓൾ അയർലണ്ട് കാറ്റിക്കിസം സ്കോളർഷിപ്പ് പരീക്ഷയിൽ റാങ്ക് നേടിയ നാലാം ക്ലാസുകാരായ ഐറിൻ ലിജോ (വാട്ടർഫോർഡ്), അമോസ് ഷാജി (ബെൽ ഫാസ്റ്റ്), നെയ്തൻ സിജു (ലിമെറിക്ക്) ഏഴാം ക്ലാസുകാരായ ജോവാന മേരി ജിയോ (ഗാൽവേ), ജോഹാൻ ജേക്കബ് അബിൻ (സോർഡ്സ്), എവിലിൻ ജിനേഷ് ( ഫിബ്സ്ബറോ), ജോയൽ വർഗ്ഗീസ് (ബ്രേ), പത്താം ക്ലാസുകാരായ ഐലിൻ റോസ് ജെയ്സ് (റ്റുള്ളുമോർ), അന്ന ജെസ്റ്റിൻ ( ലിമെറിക്ക്), ഡാനിയ ഡിലോൺ (കിൽക്കെനി) പത്രണ്ടാം ക്ലാസുകാരായ എമ്മാനുവേൽ ജിസ് (റ്റുള്ളുമോർ), റിയാന റിജു (ഡെറി), ആൽബിയ മാർട്ടിൻ (സോർഡ്സ്) എന്നിവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
കഴിഞ്ഞ വർഷം അയർലണ്ടിലെ ലീവിങ്ങ് സേർട്ട് പരീക്ഷകളിലും, നോർത്തേൻ അയർലണ്ടിലെ, എ - ലെവൽ പരീക്ഷകളിലും ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡും ബിഷപ്പ് വിതരണം ചെയ്തു. അവാർഡിന് അർഹരായവർ
ലീവിങ്ങ് സേർട്ട് : മൈക്കിൾ സുനിൽ (ബ്യൂമൗണ്ട്)എ ലെവൽ : ആക്സൽ ഷാജി (ബെൽ ഫാസ്റ്റ്) ബൈബിൾ ക്വിസ് മത്സരത്തിൽ നാഷണൽ തലത്തിൽ വിജയികളായ ഇവ ജോയൽ പ്രിൻസ് (കാസിൽബാർ), എൽസ സുമോദ് (നാസ്) ജോയൽ വർഗ്ഗീസ് (ബ്രേ), ഇമ്മാനുവേൽ സക്കറിയ (ലിമറിക്ക്), നിഷ ജോസഫ് (ഫിബ്സ്ബറോ) എന്നിവരും ബൈബിൾ ക്വിസ് നാഷണൽ ഗ്രാൻ്റ് ഫിനാലയിൽ വിജയികളായ കാസിൽബാർ കുർബാന സെൻ്റർ (ഒന്നാം സ്ഥാനം), ഫിബ്സ്ബറോ (രണ്ടാം സ്ഥനം), റ്റുള്ളുമോർ (മൂന്നാം സ്ഥാനം) ടീമുകൾ ബിഷപ്പിൽ നിന്ന് ടോഫികൾ സ്വന്തമാക്കി.
വിശുദ്ധ കുർബാനയ്ക്കു ശേഷം അയർലൻഡിലെ മണ്ണിൽ മാർതോമാ നസ്രാണികളുടെ വിശ്വാസം പ്രഘോഷിച്ച്, കൊടികളും, പൊൻ, വെള്ളി കുരിശുകളും നൂറുകണക്കിനു മുത്തുകുടകളുമായി ആയിരക്കണക്കിനു വിശ്വാസികൾ പ്രദക്ഷിണത്തിൽ അണിനിരന്നു. ലൂക്കൻ കുർബാനസെൻ്റർ ഒരുക്കിയ കേരള തനിമയാർന്ന ചെണ്ടമേളം പ്രദക്ഷിണത്തിനു കൂടുതൽ മികവേകി.
ചെറുപുഷ്പം മിഷൻ ലീഗ് (CML) ടീഷർട്ട് ധരിച്ച് പതാകകളുമായി പതാകയേന്തിയ കുഞ്ഞു മിഷനറിമാരും സീറോ മലബാർ യൂത്ത് മൂവ്മെൻ്റ് പതാകകളേന്തി യുവജനങ്ങളും സെറ്റു സാരിയും മരിയൻ പതാകകളുമായി മാതൃവേദി പ്രവർത്തകരും കൊടികളേന്തിയ കുട്ടികളും കേരള തനിമയിൽ മുണ്ടുടുത്ത് മുത്തുകുടകളുമായി പിതൃവേദി പ്രവർത്തകരും, അയർലണ്ടിലെ വിവിധ കുർബാന സെൻ്ററുകളിൽനിന്നെത്തിയ അൾത്താരശുശ്രൂഷകരായ കുട്ടികളും, ആദ്യകുർബാന സ്വീകരിച്ച വേഷത്തിൽ കുട്ടികളും പ്രദക്ഷിണത്തെ വർണാഭമാക്കി.
മാലാഖമാരുടേയും വിശുദ്ധരുടേയും വേഷത്തിൽ വന്ന കുട്ടികൾ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു, കേരള സഭയുടെ എല്ലാ വിശുദ്ധരുടേയും തിരുസ്വരൂപങ്ങൾക്കൊപ്പം നോക്കിലെ മാതാവിന്‍റെ തിരുസ്വരൂപവും വഹിച്ചുകോണ്ട് ജപമാല ചൊല്ലി നോക്കിലെ ബസലിക്കായിൽനിന്ന് ആരംഭിച്ച പ്രദക്ഷിണം മാതാവ് പ്രത്യക്ഷപ്പെട്ട ദേവാലയത്തിൽ സമാപിച്ചു. പ്രദക്ഷിണത്തിന് ബെൽഫാസ്റ്റ് റീജണൽ ഡയറക്ടർ ഫാ. ജോസ് ഭരണികുളങ്ങരയും ഡബ്ലിൻ റീജയണും നേതൃത്വം നൽകി.
തുടർന്ന് സീറോ മലബാർ യൂത്ത് മൂവ്മെൻ്റ് /ചെറുപുഷ്പം മിഷൻ ലീഗ് കുട്ടികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ദിവ്യകാരുണ്യ ആരാധനയും, ജപമാലയും, ആഘോഷമായ തിരുന്നാള്‍ ദിവ്യബലിയയും, മാതൃസ്‌നേഹം വിളിച്ചോതിയ സന്ദേശങ്ങളും, അഭിവദ്യ പിതാവിൻ്റേയും ഇരുപന്തഞ്ചോളം വൈദീകരുടെ സാന്നിധ്യവും, ഭംഗിയായും ചിട്ടയായും ആരാധനാസ്തുതിഗീതങ്ങളോടെ വിശ്വാസികൾ അണിനിരന്ന കേരളതനിമയാർന്ന പ്രദക്ഷിണവും, തീർത്ഥാടകർക്ക് വേറിട്ട അനുഭവമായി. അടുത്തവർഷത്തെ നാഷണൽ നോക്ക് തീർത്ഥാടനം മെയ് 9 ശനിയാഴ്ച നടക്കും. കൂടാതെ എല്ലാ രണ്ടാം ശനിയാശ്ചകളിലും പതിവ് പോലെ സീറോ മലബാർ വിശുദ്ധ കുർബാനയും തിരുകർമ്മങ്ങളും നോക്ക് ദേവാലയത്തിൽ ഉണ്ടായിരിക്കും.