തിരുവനന്തപുരം: സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മരിച്ച രണ്ട് നഴ്സുമാരുടെ മൃതദേഹം നോർക്ക റൂട്ട്സ് ആംബുലൻസിൽ അവരവരുടെ വീട്ടിൽ എത്തിച്ചു. മൃതദേഹം വീട്ടുകാർ ഏറ്റുവാങ്ങി.
റിയാദിലെ ഇന്ത്യൻ എംബസ്സിയുമായും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റുമായും നടപടികൾ ത്വരിതപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നിരന്തരം പരിശ്രമം നടത്തിയിരുന്നു.
കോട്ടയം സ്വദേശി ഷിൻസി ഫിലിപ്പ് (28), തിരുവന്തപുരം സ്വദേശി അശ്വതി വിജയൻ (31). എന്നിവരുടെ മൃതദേഹങ്ങളാണ് തിരുവനന്തപുരത്ത് എത്തിച്ച് വീട്ടുകാർക്ക് കൈമാറിയത്.
കുറവലങ്ങാട് വയലാ ഇടശ്ശേരിത്തടത്തിൽ ഷിൻസിയുടെ സംസ്കാരം തിങ്കളാഴ്ച മൂന്നിന് വയലാർ സെന്റ് ജോർജ് പള്ളിയിൽ നടക്കും.
നജ്റാൻ കിങ് ഖാലിദ് ആശുപത്രിയിലെ നഴ്സുമാരായ ഇവർ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം വന്നിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ സ്നേഹ, റിൻസി എന്നീ രണ്ട് നഴ്സുമാർക്കും ഡ്രൈവറായിരുന്ന അജിത്തിനും പരിക്കേറ്റിരുന്നു.