ധാക്ക പ്രീമിയര്‍ ലീഗ്: അമ്പയര്‍മാര്‍ക്ക് മര്‍ദ്ദനം

ധാക്ക പ്രീമിയര്‍ ലീഗ്: അമ്പയര്‍മാര്‍ക്ക് മര്‍ദ്ദനം

ധാക്ക: ധാക്ക പ്രീമിയര്‍ ലീഗ് മാച്ച് ഒഫീഷ്യലുകള്‍ക്ക് മര്‍ദ്ദനം. ബംഗ്ലാദേശിലെ ക്രിര ശിഖയിലേക്ക് പോവുകയായിരുന്ന 8 മാച്ച് ഒഫീഷ്യലുകള്‍ക്കാണ് മര്‍ദ്ദനം ഏറ്റത്. പൊലീസും വസ്ത്ര വ്യാപാരികളും തമ്മില്‍ നടന്ന ഒരു കലഹത്തില്‍ പെട്ടതിനെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം. 6 അമ്പയര്‍മാരും രണ്ട് മാച്ച് റഫറിമാരും മര്‍ദ്ദനം ഏറ്റവരില്‍ പെടുന്നു.

അമ്പയര്‍മാരായ സൈഫുദ്ദീന്‍, അബ്ദുല്ല അല്‍ മോടിന്‍, തന്‍വീര്‍ അഹ്മദ്, ഇമ്രാന്‍ പര്‍വേസ്, സൊഹ്‌റാബ് ഹൊസൈന്‍, ബറകത്തുല്ല ടര്‍ക്കി എന്നിവരും മാച്ച് റഫറിമാരായ ആദില്‍ അഹ്മദ്, ദേബ്രദത്ത പോള്‍ എന്നിവരുമാണ് മര്‍ദ്ദനത്തിനിരയായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും അക്രമികള്‍ തകര്‍ത്തു. പ്രതിഷേധക്കാര്‍ 20 മിനിട്ടോളം ഈ കാര്‍ തടഞ്ഞു നിര്‍ത്തിയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അക്രമത്തിനിരയായ മാച്ച് ഒഫീഷ്യലുകള്‍ സ്റ്റേഡിയത്തിലെത്തി അര മണിക്കൂര്‍ വൈകിയാണ് മത്സരം ആരംഭിച്ചത്.

അതേസമയം, ധാക്ക പ്രീമിയര്‍ ലീഗില്‍ അമ്പയറോട് കയര്‍ക്കുകയും സ്റ്റമ്പ് വലിച്ചെറിയുകയും ചെയ്ത സംഭവത്തില്‍ ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനെ നാല് മത്സരങ്ങളില്‍ നിന്ന് വിലക്കിയിരുന്നു. അപ്പീല്‍ ചെയ്തിട്ട് വിക്കറ്റ് നല്‍കാതിരുന്നതിനെ തുടര്‍ന്ന് സ്റ്റമ്പ് ചവിട്ടിത്തെറിപ്പിച്ചും അമ്പയറോട് കയര്‍ത്തുമാണ് ഷാക്കിബ് വിവാദങ്ങളില്‍ ഇടം പിടിച്ചത്. രണ്ട് തവണയാണ് ഷാക്കിബ് ഇത്തരത്തില്‍ പ്രതികരിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.