കവരത്തി: ഭരണപരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട് പ്രതിഷേധം കനക്കുന്നതിനിടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ഇന്ന് ദ്വീപ് സന്ദര്‍ശിക്കും. ഇന്ന് ഉച്ചയോടെ കവരത്തിയിലെത്തുന്ന അദ്ദേഹം ലക്ഷദ്വീപില്‍ നടപ്പിലാക്കുന്ന പരിഷ്കാരങ്ങളുടെ പുരോഗതി വിലയിരുത്തും.
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റെടുത്തതിന് ശേഷമുള്ള പ്രഫുല്‍ പട്ടേലിന്റെ മൂന്നാമത്തെ സന്ദര്‍ശനമാണിത്. അദ്ദേഹം ഈ മാസം 20 വരെ ലക്ഷദ്വീപില്‍ തുടരും.
അതേസമയം അഡ്മിനിസ്ട്രേറ്ററുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ദ്വീപുകളില്‍ കരിദിനം ആചരിക്കുകയാണ്. വീടുകളില്‍ കറുത്ത കൊടി ഉയര്‍ത്തിയും, കറുത്ത മാസ്‌ക് അണിഞ്ഞുമാണ് പ്രതിഷേധം.
ഇതുവരെ പ്രഖ്യാപിച്ച ഉത്തരവുകളില്‍ മത്സ്യതൊഴിലാളി ബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള ഉത്തരവ് മാത്രമാണ് പ്രതിഷേധം കണക്കിലെടുത്ത് പിന്‍വലിച്ചത്. ഭരണപരിഷ്കാര നടപടികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അഡ്മിനിസ്ട്രേറ്ററെ കവരത്തിയിലെത്തി കാണാന്‍ സേവ് ലക്ഷദ്വീപ് ഫോറം ഭാരവാഹികള്‍ അനുമതി തേടിയിട്ടുണ്ട്. എന്നാല്‍ അനുമതി തേടിയെങ്കിലും ലഭിച്ചിട്ടില്ല.