ഇസ്രായേല്‍ വിദേശകാര്യമന്ത്രി യുഎഇ വിദേശകാര്യമന്ത്രിയുമായി കൂടി കാഴ്ച നടത്തി

ഇസ്രായേല്‍ വിദേശകാര്യമന്ത്രി യുഎഇ വിദേശകാര്യമന്ത്രിയുമായി കൂടി കാഴ്ച നടത്തി

ദുബായ്: യുഎഇ സന്ദർശിക്കുന്ന ഇസ്രായേല്‍ വിദേശ കാര്യമന്ത്രി യായിർ ലാപിഡ്​ യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ്​ ആൽ നഹ്യാനുമായി കൂടികാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച അബ്രഹാം സമാധാന കരാറിന്റെ വെളിച്ചത്തിൽ എമിറാത്തി-ഇസ്രയേൽ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ ഇരുവരും ചർച്ച ചെയ്തു.

പശ്ചിമേഷ്യയിലെ സ്ഥിതിയും പ്രാദേശിക സുരക്ഷയും സുസ്ഥിരതയും ചർച്ചയില്‍ വിഷയമായി. ഇരു രാജ്യങ്ങളിലേയും ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ വികസനത്തിന്റെ പുതിയ ചക്രവാളങ്ങള്‍ തുറക്കാന്‍ ഈ ചർച്ചകള്‍ക്കാകുമെന്ന പ്രതീക്ഷ ഷെയ്ഖ് അബ്ദുളള പങ്കുവച്ചു.

192 ലോകരാജ്യങ്ങള്‍ അതിഥികളായി എത്തുന്ന എക്സ്പോ 2020 കോവിഡ് -19 ന് ശേഷമുള്ള ലോകത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിനും സുസ്ഥിര വികസനത്തിനായുള്ള പാത തുറക്കുന്നതിനും നിദാനമാകും. മേളയില്‍ ഇസ്രായേലി പങ്കാളിത്തം ഉണ്ടാകാന്‍ ആഗ്രഹിക്കുന്നുവെന്നും ഷെയ്ഖ് അബ്ദുളള പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക വാണിജ്യ സഹകരണത്തിനായി ഷെയ്ഖ് അബ്ദുല്ലയും ലാപിഡും കരാർ ഒപ്പിട്ടു. മന്ത്രിതല സംഘത്തോടൊപ്പമാണ് ഇസ്രായേല്‍ വിദേശ കാര്യമന്ത്രിയുടെ യുഎഇ സന്ദ‍ർശനം. കൂടികാഴ്ചയില്‍ ഇരു രാജ്യങ്ങളിലെയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.