ആംസ്റ്റര്‍ഡാം: നെതര്‍ലന്‍ഡ്സിലെ ക്രിമിനല്‍ അധോലോകത്തെക്കുറിച്ചും മയക്കുമരുന്ന് മാഫിയകളെപ്പറ്റിയുമുള്ള വാര്‍ത്തകള്‍ നിരന്തരം ലോകത്തിനു മുന്നിലെത്തിച്ച പ്രശസ്ത ഡച്ച് മാധ്യമ പ്രവര്‍ത്തകന്‍ പീറ്റര്‍ ഡി വ്രീസിന് ആംസ്റ്റര്‍ഡാമില്‍ വച്ച് വെടിയേറ്റു. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. സെന്‍ട്രല്‍ ആംസ്റ്റര്‍ഡാമിലെ തിരക്കേറിയ തെരുവില്‍ വെച്ചാണ് ഇദ്ദേഹം ആക്രമിക്കപ്പെട്ടതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി 7.30നാണ് ആക്രമണം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
64-കാരനായ പീറ്റര്‍ ഡി വ്രീസ് രാത്രി ചാറ്റ് ഷോയ്ക്കു ശേഷം തന്റെ ടിവി സ്റ്റുഡിയോയില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് വെടിയേറ്റത്. അധോലോക നായകന്‍മാരെയും, മയക്കുമരുന്ന് മാഫികളെയും സമൂഹത്തിന് മുന്‍പില്‍ തുറന്നു കാട്ടുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഡി വ്രീസ് നിരവധി പ്രമാദമായ കേസുകള്‍ തെളിയിക്കാന്‍ പോലീസിനെ സഹായിച്ചിട്ടുണ്ട്.
അഞ്ച് തവണ അദ്ദേഹത്തിന് നേരെ ആക്രമികള്‍ നിറയൊഴിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. തലയ്ക്ക് ഉള്‍പ്പെടെ ഗുരുതര പരുക്കേറ്റ ഡി വ്രീസ് അത്യാസന്ന നിലയിലാണ്. അന്വേഷണാത്മക പത്ര പ്രവര്‍ത്തകനെന്ന നിലയില്‍ പല മാഫിയ തലവന്‍മാരുടെയും കണ്ണിലെ കരടായിരുന്നു ഡി വ്രീസ്. നേരത്തെ പലതവണ വ്രീസിന് നേരെ വധഭീഷണി ഉയര്‍ന്നിരുന്നതിനാല്‍ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.