തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാളെ ഉപവസിക്കും. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരേയും സ്ത്രീ സുരക്ഷിത കേരളത്തിനും വേണ്ടിയാണ് ഗവര്‍ണറുടെ ഉപവാസം. രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം ആറ് മണിവരെയാണ് ഉപവസിക്കുന്നത്.
കേരള ഗാന്ധി സ്മാരക നിധിയുടേയും ഇതര ഗാന്ധിയന്‍ സംഘടനകളുടേയും സംയുക്ത വേദിയാണ് ഉപവാസം സംഘടിപ്പിക്കുന്നത്. വൈകുന്നേരം 4.30ന് തിരുവനന്തപുരം ഗാന്ധി ഭവനില്‍ നടക്കുന്ന ഉപവാസ-പ്രാര്‍ത്ഥന യജ്ഞത്തിലും ഗവര്‍ണര്‍ പങ്കെടുക്കും. സ്ത്രീ സുരക്ഷ ലക്ഷ്യമാക്കിക്കൊണ്ട് വരും ദിവസങ്ങളില്‍ ഗാന്ധിയന്‍ സംഘടനകള്‍ സംയുക്തമായി ജില്ലകള്‍ തോറും ജനജാഗ്രതയാത്ര സംഘടിപ്പിക്കുന്നുണ്ട്. ഈ പരിപാടികളുടെ ഉദ്ഘാടനവും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വ്വഹിക്കും.