ഇടുക്കി: പാലാ രൂപതയ്ക്ക് പിന്നാലെ ഇടുക്കി രൂപതയും വലിയ കുടുംബത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികളുമായി മുന്നോട്ട്. കുഞ്ചിത്തണ്ണി ഹോളി ഫാമിലി പബ്ലിക് സ്കൂളിൽ പഠിക്കുന്ന കുട്ടികളിൽ മാതാപിതാക്കളുടെ മൂന്നാമത്തെ കുട്ടിയ്ക്ക് പകുതി ഫീസും നാലാമത്തേത് മുതലുള്ള കുട്ടികൾക്ക് പരിപൂർണ്ണ സൗജന്യ പഠനവും ഉറപ്പാക്കുന്ന മാർ മാത്യു ആനിക്കുഴിക്കാട്ടിൽ സ്കോളർഷിപ് സ്‌കൂൾ മാനേജ്‍മെന്റ് പ്രഖ്യാപിച്ചു.
കൂടുതൽ മക്കളുള്ള കുടുംബങ്ങൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച പാലാ രൂപതയുടെ നടപടിയുടെ തുടർച്ചയായിട്ടാണ് ഈ തീരുമാനം. ഈ വർഷം മുതൽ യോഗ്യരായവർക്ക് ഈ ആനുകൂല്യം ലഭിയ്ക്കുമെന്ന് മാനേജർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ, അസി. മാനേജർ ഫാ. ജോബി പുളിക്കക്കുന്നേൽ പ്രിൻസിപ്പൽ ജോസ് ജെ പുരയിടം എന്നിവർ അറിയിച്ചു.