നാദിർഷായുടെ സിനിമകൾക്ക് എതിരെ പ്രതിഷേധം ശക്തമാകുന്നു

നാദിർഷായുടെ സിനിമകൾക്ക് എതിരെ പ്രതിഷേധം ശക്തമാകുന്നു

കൊച്ചി : സിനിമാ മേഖലയിൽ ക്രൈസ്തവ വിരുദ്ധ പ്രമേയങ്ങൾ അവതരിപ്പിക്കുന്ന സിനിമകൾ അനുദിനം വർധിച്ചു വരുന്നു എന്ന ആക്ഷേപത്തെ ശരിവയ്ക്കുന്ന രീതിയിൽ പാരഡി ഗാനരചയിതാവും സംവിധായകനുമായ നാദിർഷ പുതിയ രണ്ടു സിനിമകൾക്ക് പേരിട്ടിരിക്കുന്നു. ജയസൂര്യ നായകനായി അഭിനയിക്കുന്ന "ഈശോ"  എന്ന സിനിമയുടേതും  ദിലീപ് നായകനായ  "കേശു ഈ വീടിന്റെ നാഥൻ "  എന്ന സിനിമയുടുതുമാണ് ഇപ്പോൾ പോസ്റ്ററുകൾ പുറത്തിറക്കിയത്.

ഈശോ എന്ന പേരിനൊപ്പം  നോട്ട് ഫ്രം ബൈബിൾ എന്ന ടാഗ്‌ലൈൻ കൂടെ ചേർത്തിട്ടുണ്ട്. ഈശോ ഈ വീടിന്റെ നാഥൻ എന്ന് മിക്കവാറും ക്രൈസ്തവ ഭവനങ്ങളിൽ കാണാറുള്ള വചനത്തിന് സദൃശ്യമായ പേരാണ് ഇവിടെയും നൽകിയിരിക്കുന്നത് . ഒരേ സംവിധായകൻ അടുത്തടുത്ത് ഇറക്കുന്ന രണ്ടു സിനിമകൾക്കും ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെട്ട പേരുകൾ നല്കുന്നതിന് പിന്നിൽ കൃത്യമായ അജണ്ട ഉണ്ട് എന്ന് തന്നെയാണ് സോഷ്യൽ മീഡിയയിലെ വിവിധ ഗ്രൂപ്പുകൾ ആരോപിക്കുന്നത്. വിവാദങ്ങൾ ഉണ്ടാക്കി ചിത്രത്തിന് മാർക്കറ്റ് വാല്യൂ വർധിപ്പിക്കുക എന്നതിലുപരി ക്രൈസ്തവ കുടുംബങ്ങളെയും ക്രിസ്ത്യൻ മൂല്യങ്ങളെയും അവഹേളനപരമായി അവതരിപ്പിക്കുക എന്ന അജണ്ട കൂടി ഇതിനു പിന്നിലുണ്ട്. ഇതിനായി പണം മുടക്കുന്ന ഗ്രൂപ്പുകളെ കണ്ടെത്തണം എന്ന ആവശ്യവും സോഷ്യൽ മീഡിയ ഉന്നയിക്കുന്നു.

വൈദീകരെയും , സന്യാസത്തെയും അവഹേളിക്കുന്ന സിനിമകൾ ഇറങ്ങിയപ്പോൾ ക്രൈസ്തവലോകം നിശബ്ദരായിരുന്നത് , ഇത്തരം  സിനിമാനിർമ്മിക്കുന്നവരെ  ക്രൈസ്തവ കൂദാശകളെ കളിയാക്കുന്ന സിനിമകൾ എടുക്കുവാൻ പ്രേരിപ്പിച്ചു. ക്രൈസ്തവ കുടുംബങ്ങളെ മോശമായി ചിത്രീകരിക്കുന്നതും ചില പ്രത്യേക മത ബിംബങ്ങളെ മേന്മയായി അവതരിപ്പിക്കുകയും ചെയ്യുന്ന സിനിമകൾ അടുത്തകാലത്തായി വളരെ വർധിച്ചുവരുന്നു.

ക്രൈസ്തവ വിശ്വാസങ്ങളെ അവഹേളിക്കുന്ന അതേ രീതിയിൽ മറ്റു മത വിശ്വാസങ്ങളെ അവഹേളിക്കുന്ന സിനിമ നിർമിക്കാമോ എന്ന വെല്ലുവിളിയും നാദിർഷാ പോലെയുള്ള സംവിധായകന്മാരോട് ക്രൈസ്തവ ലോകം ചോദിക്കുന്നു. ചോദ്യപേപ്പറിൽ മുഹമ്മദ് എന്ന പേരുപയോഗിച്ചതിന് കൈ വെട്ടിയതും മീശ എന്ന നോവൽ പ്രസിദ്ധപ്പെടുത്തിയതിനു ഉണ്ടായ പ്രതിഷേധങ്ങളും കണ്ടിട്ടുള്ള കേരളത്തിൽ ക്രിസ്തീയ വിശ്വാസത്തെ അവഹേളിച്ചാൽ അത്തരമൊരു പ്രതിഷേധം ഉണ്ടാകില്ല എന്നത് ഉറപ്പാണ്.

ഒരു ക്രൈസ്തവ സമുദായത്തിന്റെ സ്ഥാപനമായ കലാഭവനിൽ നിന്ന് ആബേലച്ചന്റെ ശിക്ഷണത്തിൽ മിമിക്രി കലാകാരനായി പിന്നീട് സിനിമയിൽ ഇടം പിടിച്ച നാദിർഷയുടെ നിലപാടുകളെ വേദനയോടെയാണ് ക്രൈസ്തവ ലോകം നോക്കികാണുന്നത്. നാദിർഷായുടെ എല്ലാ സിനിമകളും ബഹിഷ്കരിക്കാൻ ചില ക്രൈസ്തവ യുവജന സംഘടനകൾ ആഹ്വാനം നൽകി കഴിഞ്ഞു. “ഈശോ” എന്ന സിനിമാപോസ്റ്ററിനു പകരം പോസ്റ്ററുകൾ ഉണ്ടാക്കി സോഷ്യൽ മീഡിയയും നാദിർഷാ യുടെ പോസ്റ്റുകൾക്ക് താഴെ പൊങ്കാല തുടങ്ങി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.