കോഴിക്കോട്: കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിറകോട്ടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍. ഈ മാസം ഒമ്പതാം തിയതി മുതല്‍ എല്ലാ കടകളും തുറന്ന് പ്രവര്‍ത്തിക്കുമെന്നും നസറുദ്ദീന്‍ വ്യക്തമാക്കി. പ്രശ്‌ന പരിഹാരം കാണാന്‍ സര്‍ക്കാരിന് ആവശ്യത്തിന് സമയം നല്‍കി. സര്‍ക്കാര്‍ പ്രഖ്യാപിച്ച കോവിഡ് പാക്കേജ് അശാസ്ത്രീയമെന്നും നസറുദ്ദീന്‍ കോഴിക്കോട് പറഞ്ഞു. ലോക്ഡൗണിന് എതിരെ വ്യാപാരികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് മാറ്റി. സര്‍ക്കാര്‍ തീരുമാനം അറിഞ്ഞ ശേഷം ഹര്‍ജി പരിഗണിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
രോഗവ്യാപനം ഇല്ലാത്തയിടങ്ങളില്‍ എല്ലാ ദിവസവും എല്ലാ കടകളും തുറക്കുക എന്നതാണ് പരിഗണിക്കപ്പെടുന്ന മറ്റൊരു പ്രധാന നിര്‍ദേശം. പരിപൂര്‍ണ്ണമായി ഇളവുകള്‍ നല്‍കുന്നതിന് എതിരെ കേന്ദ്രം സ്വീകരിക്കുന്ന നിലപാടും സര്‍ക്കാര്‍ പരിഗണിക്കും.
അതേസമയം ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള ലോക്ഡൗണ്‍ നിയന്ത്രണ രീതിക്ക് ബദലായുള്ള നിര്‍ദേശങ്ങള്‍ വിദഗ്ദ്ധ സമിതി ഇന്ന് സമര്‍പ്പിക്കും. നാളെ ചേരുന്ന അവലോകനയോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും. നിലവിലെ രീതി മാറ്റി, മൈക്രോ കണ്ടെയിന്‍മെന്റ് സോണുകള്‍ കേന്ദ്രീകരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാവും പ്രധാന നിര്‍ദേശം. വാരാന്ത്യ ലോക്ഡൗണ്‍ പിന്‍വലിക്കാനും ശുപാര്‍ശയുണ്ടാകും.