പാലക്കാട്: തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കുപ്രസിദ്ധ കവര്‍ച്ചക്കാരായ കുറുവാ സംഘം കേരളത്തിലേക്ക് കടന്നതായി പൊലീസ്. അപകടകാരികളായ എഴുപത്തിയഞ്ചോളം പേര്‍ അടങ്ങുന്ന സംഘമാണ് പാലക്കാട് അതിര്‍ത്തി വഴി കേരളത്തിലേക്ക് കടന്നിരിക്കുന്നതെന്നാണ് സൂചന. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചു.
ആക്രിസാധനങ്ങളും മറ്റും പെറുക്കി വില്‍ക്കുന്നവരുടെ വേഷത്തിലാണ് കുറുവകള്‍ പകല്‍ സമയത്ത് വീടുകളിലെത്തുക. വീടും പരിസരവും കൃത്യമായി മനസിലാക്കിയ ശേഷം രാത്രിയിലാണ് കവര്‍ച്ചയ്ക്ക് ഇറങ്ങുക. നല്ല കായിക ശേഷിയുള്ള ആളുകളാണ് സംഘത്തിലുള്ളത്.
അതുകൊണ്ടു തന്നെ എതിര്‍ക്കുന്നവരെ വക വരുത്താനും ഇവര്‍ ശ്രമിച്ചേക്കുമെന്ന് പൊലീസ് പറയുന്നു. കവര്‍ച്ചയ്ക്ക് ശേഷം തിരുനേല്‍വേലി, മധുര തുടങ്ങിയ ഇടങ്ങളിലേക്കാണ് ഇവര്‍ കടക്കുന്നത്.
പ്രത്യേകമൊരു താവളം കേന്ദ്രീകരിച്ചല്ല ഇവര്‍ കഴിയുന്നത്. മോഷണത്തിന് ശേഷം ആളൊഴിഞ്ഞ പറമ്പിലോ കുറ്റിക്കാടുകളിലോ അതുമല്ലെങ്കില്‍ പാലങ്ങള്‍ക്കടിയിലോ ആണ് തമ്പടിക്കുക. അതിര്‍ത്തികളില്‍ അസ്വാഭാവികമായി അപരിചിതരെ കാണുകയാണെങ്കില്‍ വിവരം അറിയിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്.