തിരുവനന്തപുരം: സംസ്ഥാനത്തെ വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രമാക്കി ചുരുക്കി. പുതിയ കോവിഡ് നിയന്ത്രണങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നിയമസഭയില്‍ പ്രഖ്യാപിക്കും. ഇന്ന് ചേര്‍ന്ന അവലോകന യോഗത്തില്‍ നിലവിലെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചു. ഇതുപ്രകാരം ആഴ്ചയില്‍ ആറ് ദിവസവും എല്ലാ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാം.
ഒരാഴ്ച ഒരു പ്രദേശത്തുള്ള ആകെ കൊവിഡ് രോഗികളുടെ എണ്ണം നോക്കിയാവും ഇനി നിയന്ത്രണം ഏര്‍പ്പെടുത്തുക. ആയിരം ആളുകളില്‍ എത്ര പേര്‍ പോസീറ്റീവ് എന്ന നോക്കിയാവും ഒരോ പ്രദേശത്തേയും കോവിഡ് വ്യാപനം പരിശോധിക്കുക. രോഗികള്‍ കൂടുതലുള്ള സ്ഥലത്ത് കൂടുതല്‍ നിയന്ത്രണങ്ങളുണ്ടാവും. അല്ലാത്തിടങ്ങളില്‍ വിപുലമായ ഇളവ് നല്‍കും.
ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കിന് പകരം ഒരു പ്രദേശത്ത് എത്ര പൊസീറ്റീവ് കേസുകള്‍ എന്നതാവും ഇനി നിയന്ത്രണങ്ങളുടെ മാനദണ്ഡം. ഇതോടെ ഒരു പഞ്ചായത്തിലെ ആകെ കോവിഡ് ടെസ്റ്റ് പൊസിറ്റീവിറ്റി നിരക്ക് നോക്കുന്നതിന് പകരം പഞ്ചായത്തിലെ ഒരോ പ്രദേശവും പരിശോധിച്ച് കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങള്‍ മാത്രം അടച്ചിടും.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം വിദഗ്ദ്ധരുമായി ചര്‍ച്ച നടത്തിയ ചീഫ് സെക്രട്ടറി തല സമിതി പുതിയ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ഇന്നത്തെ അവലോകന യോഗത്തില്‍ നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചിരുന്നു. ടിപിആര്‍ അടിസ്ഥാനമാക്കി തദ്ദേശ സ്ഥാപനങ്ങള്‍ അടച്ചിടുന്ന നിലവിലെ രീതി മാറ്റി രോഗികള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ മാത്രം നിയന്ത്രണം കൊണ്ടു വരാനാണ് സമിതി ശുപാര്‍ശ ചെയ്തത്.
കൂടുതല്‍ കോവിഡ് കേസുകള്‍ ഉള്ള സ്ഥലത്ത് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ കൊണ്ടു വരാനാണ് ഉദ്ദേശിക്കുന്നത്. നിലവിലെ കണക്ക് അനുസരിച്ച് സംസ്ഥാനത്തെ പകുതിയിലേറെ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളും അടച്ചുപൂട്ടിയ അവസ്ഥയാണുള്ളത്.
ഓണത്തിന് മുന്നോടിയായി വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വിപുലീകരിക്കാത്ത പക്ഷം വലിയ തിരിച്ചടിയുണ്ടായേക്കാം എന്ന വിലയിരുത്തലും സംസ്ഥാന സര്‍ക്കാരിനുണ്ട്. ടിപിആര്‍ രോഗവ്യാപനം അളക്കാനുള്ള മാനദണ്ഡമാണെന്നും അതല്ലാതെ അടച്ചു പൂട്ടാനുള്ള കണക്കായി പരിഗണിക്കരുതെന്നും വിദഗ്ദര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ടൂറിസം കേന്ദ്രങ്ങളടക്കം എല്ലാ പ്രദേശങ്ങളും സ്ഥാപനങ്ങളും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തുറക്കണമെന്നാണ് കഴിഞ്ഞ ദിവസം ഐഎംഎയും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിന്നു.