വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡൊണാൾഡ് ട്രംപും ഡമോക്രാറ്റിക് പാർട്ടിയുടെ ജോ ബൈഡനും തമ്മിൽ നടക്കാനിരിക്കുന്ന അവസാന സംവാദത്തിൽ മ്യൂട്ട് ബട്ടൺ സൗകര്യമൊരുക്കി സംഘാടകർ. ഒക്ടോബർ 22ന് ടെന്നീസിയിലെ നാഷ് വിളയിലാണ് അവസാനഘട്ട പ്രസിഡൻഷ്യൽ സംവാദം. ആദ്യ സംവാദത്തിൽ ഇരുവരും ഏറ്റുമുട്ടുകയും ബൈഡൻ സംസാരിക്കുന്നതിനിടയിൽ ട്രംപ് ബഹളമുണ്ടാക്കി സംസാരിക്കുകയും ചെയ്ത ഈ സാഹചര്യത്തിലാണ് ഈ പുതിയ സംവിധാനം സംഘാടകർ ഒരുക്കിയിരിക്കുന്നത്. ഒരാൾ സംസാരിക്കുമ്പോൾ മറ്റേയാൾ ഇടയ്ക്ക് കയറി സംസാരം തടസ്സപ്പെടുത്തുന്നത് തടയാനാണ് മ്യൂട്ട് ബട്ടൺ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഒരു സ്ഥാനാർഥിയുടെ മൈക്ക് മറ്റൊരാൾ സംസാരിക്കുമ്പോൾ ഓഫ് ആയിരിക്കും. സ്ഥാനാർഥികൾക്കും ആദ്യം 15 മിനിറ്റ് വീതം സംസാരിക്കാനായി നൽകും. പിന്നീടുള്ള സമയം ഇരുവരുടെയും മൈക്ക് ഓൺ ആകുമെന്ന് പ്രസിഡൻഷ്യൽ കമ്മീഷൻ ഓഫ് ഡിബേറ്റ് അറിയിച്ചു. അതിനിടെ മ്യൂട്ട് ബട്ടൻ ഉൾപ്പെടുത്തിയതിനെതിരെ ട്രംപിന്റെ ക്യാമ്പയിൻ ടീം രംഗത്തെത്തി. വ്യാഴാഴ്ചത്തെ സംവാദം വിഷയങ്ങളിലും ടീം ട്രംപ് അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. കൊവിഡ് മൂലം രണ്ടാമത്തെ സംവാദം ഓൺലൈൻ ആയി നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത് എന്നാൽ ഓൺലൈൻ സംവാദത്തിന് തയ്യാറല്ലെന്ന് ട്രംപ് അറിയിച്ചതോടെ പ്രസിഡൻഷ്യൽ ഡിബേറ്റ് റദ്ദാക്കുകയായിരുന്നു.നവംബർ മൂന്നിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.