തിരുവനന്തപുരം: കേരളത്തില്‍ ഡിജിറ്റല്‍ പഠനസൗകര്യങ്ങളില്ലാത്ത നാലേമുക്കാല്‍ ലക്ഷം കുട്ടികള്‍. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളിലാണ് ഇത്രയേറെ കുട്ടികള്‍ക്ക് പഠനസൗകര്യമില്ലെന്ന് വ്യക്തമായത്. ഡിജിറ്റല്‍ ക്ലാസുകള്‍ അപ്രാപ്യമായ കുട്ടികളുടെ കണക്ക് ഇതാദ്യമായാണ് സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തു വിടുന്നത്. വിദ്യാകിരണം പോര്‍ട്ടലിലാണ് സര്‍ക്കാര്‍ കണക്കുകള്‍ പ്രസിദ്ധീകരിച്ചത്.
സംസ്ഥാനത്തെ 4,71, 596 കുട്ടികളാണ് ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ഇല്ലാതെ ബുദ്ധിമുട്ടുന്നത്. പാലക്കാട് ജില്ലയിലാണ് വലിയൊരു വിഭാഗം കുട്ടികള്‍ പഠനപ്രതിസന്ധി നേരിടുന്നത്. ഇവിടെ 1,13,486 കുട്ടികള്‍ക്ക് ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ലഭ്യമല്ല. ഈ അധ്യയന വര്‍ഷം തുടങ്ങുമ്പോള്‍ ജൂലൈക്ക് മുമ്പ് സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ സൗകര്യം ഒരുക്കും എന്നായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനം.