ന്യൂഡൽഹി: ഇന്ത്യ ചൈന ബന്ധം വഷളാകുന്ന സാഹചര്യത്തിൽ തായ്വാനുമായി ഇന്ത്യ വ്യാപാര ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്. വർഷങ്ങളായി ഇന്ത്യയുമായി വ്യാപാരബന്ധം സ്ഥാപിക്കുവാൻ തായ്‌വാൻ താല്പര്യപ്പെടുന്നു. എന്നാൽ ചൈനയുമായി ബന്ധം സൂക്ഷിക്കുവാൻ ഇന്ത്യ അത് വേണ്ടെന്ന് വെക്കുകയായിരുന്നു എന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. തായ്‌വാനുമായി വ്യാപാര ബന്ധം സ്ഥാപിക്കുവാൻ കേന്ദ്രസർക്കാർ തന്നെയാണ് മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഇലക്ട്രോണിക്സ്, ടെക്നോളജി മേഖലകളിൽ വലിയ തോതിൽ തായ്‌വാൻ നിക്ഷേപം കൊണ്ടുവരാൻ ഈ വ്യാപാര കരാറുകൾക്ക് കഴിയുമെന്ന് ഇന്ത്യ കരുതുന്നു. എന്നാൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും അന്തിമ തീരുമാനം ഇതുവരെയും എടുത്തിട്ടില്ല എന്ന് മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
തായ്‌വാൻന്റെ ഫോക്സ്കോൺ ടെക്നോളജി ഗ്രൂപ്പ്, വിസ് ട്രോൺ കോർപ്പറേഷൻ, പെഗാട്രോൺ കോർപ്പറേഷൻ തുടങ്ങിയവയുടെ നിക്ഷേപങ്ങൾക്ക് ഈ മാസം ആദ്യം കേന്ദ്രം അനുമതി നൽകിയിരുന്നു. അഞ്ചുവർഷം കൊണ്ട് സ്മാർട്ട് ഫോൺ ഉൽപ്പാദന മേഖലയിൽ 10.5 ട്രി ല്യാൻ യുഎസ് ഡോളർ നിക്ഷേപം കൊണ്ടുവരിക എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യത്തെ സാധൂകരിക്കുന്ന കരാറാണിത്.
ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇരു രാജ്യത്തിന്റെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ല. ചൈനയുടെ സമ്മർദ്ദത്തിൽ വൻസാമ്പത്തിക ശക്തികളുമായി വ്യാപാര ഇടപാടുകൾ ആരംഭിക്കാൻ പ്രയാസപ്പെടുന്ന തായ്‌വാൻ, ഇന്ത്യയുമായി ഔദ്യോഗികതലത്തിൽ എന്ത് ചർച്ച നടന്നാലും അത് വിജയമാണെന്നാണ് കണക്കാക്കുന്നത്. മറ്റു രാജ്യങ്ങളെ പോലെ തന്നെ തായ്‌വാനെ 'സ്വതന്ത്രരാജ്യമായി' ഇന്ത്യയും അംഗീകരിച്ചിട്ടില്ല. ഇരുരാജ്യങ്ങളിലെയും അനൗദ്യോഗിക നയതന്ത്ര ഓഫീസുകളെ 'പ്രതിനിധി ഓഫീസ്' എന്നാണ് വിശേഷിപ്പിക്കുന്നത്. 2018ൽ ഇന്ത്യയും തായ്‌വാനും ഉഭയ കക്ഷി നിക്ഷേപ കരാർ ഒപ്പിട്ടിരുന്നു.