കോഴിക്കോട്: ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഇന്ന് ഇ ഡിക്ക് മുന്നില്‍ ഹാജരാകില്ല. ചികിത്സയിലുള്ള അദ്ദേഹം അനാരോഗ്യം കാരണം ഹാജരാകാന്‍ കഴിയില്ലെന്ന് ഇ ഡിയെ അറിയിച്ചിട്ടുണ്ട്. അതേസമയം ചന്ദ്രിക ഫിനാന്‍സ് മാനേജര്‍ സമീര്‍ കൊച്ചിയില്‍ ഇഡി ഓഫീസില്‍ ഹാജരായേക്കും. ബുധനാഴ്ചയാണ് ഇ ഡി ഉദ്യോഗസ്ഥര്‍ കോഴിക്കോട് എത്തി ഹൈദരലി തങ്ങള്‍ക്ക് നോട്ടീസ് നല്‍കിയത്. ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് വഴി മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് പത്തു കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്.
ലീഗ് സംസ്ഥാന അധ്യക്ഷന്റെ മകന്‍ മുയിന്‍ അലിയുടെ ആരോപണത്തിന് പിന്നാലെ നിയമസഭാ സമ്മേളനത്തിന് അവധി നല്‍കി കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് തിരിച്ചെത്തി. മുസ്ലിം ലീഗ് നേതൃത്വം സമീപകാലത്ത് നേരിട്ടതില്‍ ഏറ്റവും ഗുരുതരമായ ആരോപണമാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്റെ മകന്‍ തന്നെ തൊടുത്തുവിട്ടത്. അതും പാര്‍ട്ടി സംസ്ഥാന ആസ്ഥാനത്തുവച്ച്. ചന്ദ്രിക വിഷയം വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലേക്ക് മുയിന്‍ അലി യാദൃശ്ചികമായാണ് കടന്നുവന്നതെന്നും പറഞ്ഞതൊന്നും പാര്‍ട്ടി നിലപാടല്ലെന്നും നേതൃത്വം വിശദീകരിക്കുന്നുണ്ടെങ്കിലും പ്രതിസന്ധി അയയുന്നില്ല.
പരസ്യ പ്രസ്താവന പാടില്ലെന്നതില്‍ കണിശതയുളള ലീഗ് നേതൃത്വം ഹൈദരലി തങ്ങളുടെ മകനെതിരെ എന്ത് നടപടിയെടുക്കുമെന്നതാണ് ചോദ്യം. അഴിമതി തുറന്നുപറഞ്ഞ പേരില്‍ നടപടിയെടുത്താല്‍ രാഷ്ട്രീയ എതിരാളികള്‍ അത് ആയുധമാക്കുകയും ചെയ്യും. ചുരുക്കത്തില്‍ ചന്ദ്രിക വിഷയത്തിലും എ ആര്‍ ബാങ്ക് ക്രമക്കേടിലും കടുത്ത പ്രതിസന്ധിയിലായിരുന്ന ലീഗിനെ കൂടുതല്‍ കുരുക്കിലാക്കിയിരിക്കുകയാണ് മുയിന്‍ അലിയുടെ വാക്കുകള്‍.