ഫാ. സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്തതിനെ വിമർശിച്ച് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിൽ. ഇന്ത്യയിൽ മനുഷ്യാവകാശ പ്രവർത്തകർ വലിയ സമ്മർദ്ദമാണ് നേരിടുന്നതെന്നും പൗരാവകാശ പ്രവർത്തകരെ പ്രതികളാക്കുന്നതും അറസ്റ്റ് ചെയ്യുന്നതും ഒഴിവാക്കണമെന്നും യുഎൻ മനുഷ്യാവകാശ കമ്മീഷണർ മിഷെൽ ബാച്ച്‌ലറ്റ് പ്രസ്താവനയിൽ പറഞ്ഞു.
സന്നദ്ധ സംഘടനകൾക്കെതിരെയുള്ള കേന്ദ്ര സർക്കാർ നടപടികളും ഒഴിവാക്കപ്പെടേണ്ടതായിരുന്നെന്നും മിഷെൽ ബാച്ച്‌ലറ്റ് പറഞ്ഞു. ഫാദർ സ്റ്റാൻ സ്വാമിയുൾപ്പടെയുള്ള മനുഷ്യാവകാശ പ്രവർത്തകരുടെ അറസ്റ്റ് തെറ്റായ സന്ദേശമാണ് സമൂഹത്തിന് നൽകുക. സന്നദ്ധ പ്രവർത്തകർക്ക് തങ്ങൾ പ്രതിനിധീകരിക്കുന്ന ആശയങ്ങളും സംഘടനയും അടിസ്ഥാനമാക്കി സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാനുള്ള സാഹചര്യം കേന്ദ്ര സർക്കാർ നൽകുന്നില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തവരെ വേട്ടയാടാനാണ് സർക്കാരിന്റെ ശ്രമം. മിഷേൽ ബാച്ച്ലെറ്റ് പറഞ്ഞു.
പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിന് 1500- ഓളം പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷൻ വിയോജിപ്പ് അറിയിച്ച യുഎപിഎ നിയമം ഇവർക്ക് എതിരെ രജിസ്റ്റർ തെറ്റായ സന്ദേശമാണ് നൽകുന്നത്. അദ്ദേഹം പറഞ്ഞു. എന്നാൽ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിലിന്റെ വിമർശനം ഇന്ത്യ പൂർണമായും തള്ളി. പൗരത്വ ഭേദഗതി നിയമമടക്കം ഇന്ത്യയുടെ പരമാധികാരത്തിന്റെ പരിധിയിൽ വരുന്നതാണെന്നും രാജ്യത്ത് സ്വതന്ത്ര ജുഡിഷ്യറിയും നിയമ സംവിധാനവുമുണ്ടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.