പ്രമുഖ മലയാളം യൂട്യൂബ് വ്ലോഗർമാരായ ഇ ബുൾ ജെറ്റ് സഹോദരങ്ങൾ പൊലീസ് കസ്റ്റഡിയിൽ

പ്രമുഖ മലയാളം യൂട്യൂബ് വ്ലോഗർമാരായ ഇ ബുൾ ജെറ്റ് സഹോദരങ്ങൾ പൊലീസ് കസ്റ്റഡിയിൽ

കണ്ണൂ‍ർ: പ്രമുഖ മലയാളം യൂട്യൂബ് വ്ലോഗർമാരായ ഇ ബുൾ ജെറ്റ് സഹോദരങ്ങളായ എബിൻ, ലിബിൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും കളക്ടറേറ്റിലെ ആർടിഒ ഓഫീസിൽ സംഘർഷമുണ്ടാക്കിയെന്ന പരാതിയിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 

എബിനും, ലിബിനും കണ്ണൂർ സ്വദേശികളാണ്. അൾട്ടറേഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവരുടെ വാൻ കണ്ണൂ‍ർ ആർടിഒ ഉദ്യോ​ഗസ്ഥ‍ർ കസ്റ്റഡിയിലെടുത്തിരുന്നു.  വാൻ ആ‍ർടിഒ കസ്റ്റഡിയിൽ എടുത്ത കാര്യം ഇവ‍ർ സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോയായി പങ്കുവച്ചിരുന്നു. ഇതേ തുട‍ർന്ന് ഇവരുടെ ആരാധകരായ നിരവധി ചെറുപ്പക്കാ‍ർ കണ്ണൂ‍ർ ആർടിഒ ഓഫീസിലേക്ക് എത്തി.

വാൻ കസ്റ്റഡിയിലെടുത്തതിനെത്തുടർന്നുള്ള നടപടികൾക്കായി ഇവരോട് ഇന്ന് രാവിലെ ഓഫീസിൽ ഹാജരാവാനും ആവശ്യപ്പെട്ടു. ഇന്ന് രാവിലെ ഇരുവരും എത്തിയതിന് പിന്നാലെയാണ് സംഘ‍ർഷമുണ്ടായത്.  ഒടുവിൽ വ്ലോ​ഗ‍ർമാരും ഉദ്യോ​ഗസ്ഥരും തമ്മിൽ വാക്ക് തർക്കമാവുകയും തുടർന്ന് കണ്ണൂ‍ർ ടൗൺ പൊലീസ് സ്ഥലത്ത് എത്തി ഇരുവരേയും കസ്റ്റഡിയിലെടുക്കുകയയിരുന്നു.

എന്നാൽ തങ്ങളെ ത‍കർക്കാൻ ആസൂത്രിതമായി നീക്കം നടക്കുന്നുണ്ടെന്നും വാൻ  ലൈഫ് വീഡിയോ ഇനി ചെയ്യില്ലെന്നും ഇബുൾ ജെറ്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.