വിജു എബ്രഹാമും മുഹമ്മദ് നിയാസും ഹൈക്കോടതി ജഡ്ജിമാര്‍; സത്യപ്രതിജ്ഞ ഇന്ന്

വിജു എബ്രഹാമും മുഹമ്മദ് നിയാസും ഹൈക്കോടതി ജഡ്ജിമാര്‍; സത്യപ്രതിജ്ഞ ഇന്ന്

കൊച്ചി: കേരള ഹൈക്കോടതിയില്‍ പുതുതായി നിയമിതരായ ജഡ്ജിമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. അഭിഭാഷകരായ വിജു എബ്രഹാം, സി പി മുഹമ്മദ് നിയാസ് എന്നിവരാണ് അഡിഷണല്‍ ജഡ്ജിമാരായി ചുമതലയെക്കുക. രാവിലെ 10.15 ന് ചീഫ് ജസ്റ്റിസിന്റെ സാന്നിധ്യത്തിലാണ് ചടങ്ങ്.

കഴിഞ്ഞ ദിവസമാണ് അഭിഭാഷകരായ സിപി മുഹമ്മദ് നിയാസ്, വിജു എബ്രഹാം എന്നിവരെ കേരള ഹൈക്കോടതി അഡീഷണല്‍ ജഡ്ജിമാരായി നിയമിച്ചുകൊണ്ട് രാഷ്ട്രപതിയുടെ വിജ്ഞാപനം ഇറങ്ങിയത്. 2019ല്‍ ഇവരുടെ പേരുകള്‍ സുപ്രീംകോടതി കൊളീജിയം അംഗീകരിച്ചെങ്കിലും നിയമനത്തിനുള്ള ശുപാര്‍ശ കേന്ദ്രം തിരിച്ചയച്ചിരുന്നു. പേരുകള്‍ പുനഃപരിശോധിക്കണമെന്നായിരുന്നു കേന്ദ്രം ആവശ്യപ്പെട്ടത്.

എന്നാല്‍ ഈ വര്‍ഷം മാര്‍ച്ചില്‍ കൊളീജിയം വീണ്ടും മുഹമ്മദ് നിയാസിന്റെയും വിജു എബ്രഹാമിന്റെയും പേരുകള്‍ കേന്ദ്രത്തിന് അയക്കുകയായിരുന്നു. ഇത് അംഗീകരിച്ചാണ് നിയമനത്തിനുള്ള വിജ്ഞാപനം ഇറങ്ങിയത്. ഇന്ത്യന്‍ ഭരണഘടനയുടെ അനുഛേദം 224 ലെ വകുപ്പ് (1) നല്‍കുന്ന അധികാര പ്രകാരമാണ് നടപടി. ചുമതല ഏറ്റെടുത്ത തീയതി മുതല്‍ രണ്ട് വര്‍ഷത്തേക്കാണ് ഇവരുടെ നിയമനത്തിന് പ്രാബല്യം ഉണ്ടാകുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.