കോഴിക്കോട്: മുസ്ലീം ലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ എംഎസ്എഫിന്റെ നേതാക്കള്‍ അപമാനിച്ചെന്ന വനിതാ വിഭാഗമായ ഹരിത ഭാരവാഹികളുടെ പരാതി ഗൗരവമായി കാണുന്നുവെന്ന് വനിത കമ്മിഷന്‍ അംഗം ഷാഹിദാ കമാല്‍.
സ്ത്രീ വിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നതാണ് പരാതി. വസ്തുത അന്വേഷിക്കും. ഗൗരവമായി പരാതിയെ കാണുന്നു. പൊതു സമൂഹത്തിന് നിരക്കാത്ത പരാമര്‍ശമാണ് നേതാക്കന്‍മാരുടെ ഭാഗത്തു നിന്നുണ്ടായതെന്നും അവര്‍ പറഞ്ഞു.
യോഗത്തിനിടെ വനിതാ നേതാക്കളെ അപമാനിച്ചെന്ന് ചൂണ്ടിക്കാണിച്ച് പത്തോളം നേതാക്കളാണ് പരാതി നല്‍കിയത്. സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി.അബ്ദുള്‍ വഹാബ് എന്നിവര്‍ക്ക് എതിരെയാണ് പരാതി.
നവാസ് അശ്ലീല ചുവയോടെ സംസാരിച്ചെന്നും അബ്ദുള്‍ വഹാബ് ഫോണിലൂടെ അപമാനിച്ചെന്നും പരാതിയിലുണ്ട്. എംഎസ്എഫ് നേതൃത്വത്തിനെതിരെ ഹരിതയുടെ നേതാക്കള്‍ മുസ്ലീം ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല.