ആലപ്പുഴ: കുട്ടനാട് രാമങ്കരി വാഴയില്‍ വീട്ടില്‍ ഓമനയുടെ സംസ്‌കാരം നടന്നത് രാമങ്കരി സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയില്‍. ആചാരങ്ങളും വിശ്വാസങ്ങളും വ്യത്യാസ്തമാണെങ്കിലും മതസൗഹാര്‍ദ്ദം ഇപ്പോഴും അതിന്റെ പകിട്ട് നഷ്ടപ്പെടാതെ നിലനില്‍ക്കുന്നു എന്നതിന് മികച്ച ഉദാഹരണം. വാഴയില്‍ വീട്ടില്‍ പരേതനായ പുരുഷോത്തമന്‍ ആചാരിയുടെ ഭാര്യ ഓമനയുടെ (63) സംസ്‌കാരമാണ് വീട്ടുവളപ്പില്‍ സ്ഥലമില്ലാത്തതു മൂലം സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയില്‍ ഹിന്ദു ആചാരപ്രകാരം നടത്തിയത്.
രണ്ടര സെന്റ് സ്ഥലത്താണ് ഓമനയുടെ വീട്. സംസ്‌കരിക്കാന്‍ വീട്ടുവളപ്പില്‍ സ്ഥലമില്ലായിരുന്നു. ഇതു മനസ്സിലാക്കിയ കുടുംബം സമീപത്തെ പള്ളിയിലെ വികാരി ഫാ. വര്‍ഗീസ് മതിലകത്തുകുഴിയെ വിവരം അറിയിച്ചു. അദ്ദേഹം പാരിഷ് കൗണ്‍സില്‍ അംഗങ്ങളെയും ട്രസ്റ്റിമാരെയും മറ്റു ഭാരവാഹികളെയും വിവരം ധരിപ്പിക്കുകയും തുടര്‍ന്ന് സംസ്‌കാരം നടത്താനുള്ള സൗകര്യം ഒരുക്കി നല്‍കുകയുമായിരുന്നു.
പള്ളി സെമിത്തേരിയില്‍ തന്നെ ഹൈന്ദവ ആചാര പ്രകാരം ചടങ്ങുകള്‍ നടത്താനും മൃതദേഹം ദഹിപ്പിക്കാനും പ്രത്യേകം സൗകര്യം ഒരുക്കി നല്‍കി. ട്രസ്റ്റിമാരായ ജോമോന്‍ പത്തില്‍ചിറ, സി.പി ജോര്‍ജുകുട്ടി ചേന്നാട്ടുശേരി, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി റോയ് അന്‍പതില്‍ചിറ എന്നിവര്‍ നേതൃത്വം നല്‍കി. ഓമനയുടെ മക്കള്‍: ഓമനക്കുട്ടന്‍, രാധിക. മരുമക്കള്‍: ഗോപാലകൃഷ്ണന്‍, സ്മിത.