ദുബായ്: തന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് സാമൂഹ്യപ്രവർത്തകന്‍ അഷ്റഫ് താമരശേരി. പലരും പണം ആവശ്യപ്പെട്ട സന്ദേശമയച്ചിരുന്നല്ലോയെന്ന് വിളിച്ചു ചോദിച്ചപ്പോഴാണ് പേജ് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞത്.
50,000 രൂപ ആവശ്യപ്പെട്ടല്ലോ, കൊടുക്കട്ടെയെന്ന് ചോദിച്ച് സുഹൃത്ത് വിളിച്ചപ്പോള്‍ അത്തരമൊരു സംഭവമില്ലെന്ന് സുഹൃത്തിനെ അറിയിച്ചു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ 15,000 രൂപ ആവശ്യപ്പെട്ടല്ലോയെന്നറിയിച്ച് മറ്റൊരാള്‍ കൂടി വിളിച്ചതോടെയാണ് പേജ് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് ബോധ്യമായത്. ഇത്തരത്തില്‍ പലരോടും പണം ചോദിച്ചിട്ടുണ്ടെന്നും ഇതില്‍ വഞ്ചിതരാകരുതെന്നും വീഡിയോ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.
സൈബർ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അഷ്റഫ് താമരശേരി പറഞ്ഞു. യുഎഇയിലെ അറിയപ്പെടുന്ന സാമൂഹ്യപ്രവർത്തകരില്‍ ഒരാളായ അഷ്റഫ് താമരശേരിക്ക് 2 ലക്ഷത്തിന് മുകളില്‍ ഫോളോവേഴ്സുണ്ട്.