പാരീസ് : മതവൈരം വളർത്തുന്ന മോസ്‌ക് താൽക്കാലികമായി അടച്ചുപൂട്ടാൻ ഫ്രാൻസ് ഉത്തരവിട്ടു. വടക്കുകിഴക്കൻ പാരീസ് നഗരപ്രാന്തത്തിലുള്ള പാന്റിനിലെ ഗ്രാൻഡ് മോസ്ക്, ബുധനാഴ്ച രാത്രി മുതൽ ആറുമാസത്തേക്ക് അടച്ചിരിക്കുകയാണ്. വിദ്വേഷ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർ, തീവ്രവാദ പ്രഭാഷണങ്ങൾ പ്രസംഗിക്കുന്നവർ, ഫ്രാൻസിന് സുരക്ഷാ ഭീഷണി ഉയർത്തുമെന്ന് വിശ്വസിക്കുന്ന വിദേശികൾ എന്നിവർക്കെതിരെ കടുത്തനടപടികൾ സ്വീകരിക്കുമെന്ന് മോസ്കിന്റെ പ്രവേശന കവാടത്തിൽ പതിച്ചിരിക്കുന്ന നോട്ടീസിൽ പറയുന്നു.
താഴ്ന്ന വരുമാനമുള്ളവർ അധിവസിക്കുന്ന പ്രദേശത്തുള്ള ഈ മോസ്‌ക്, അദ്ധ്യാപകനെതിരെ നടന്ന ആക്രമണത്തിന് മുമ്പ് അദ്ദേഹത്തിനെതിരെ അണിനിരക്കണമെന്ന് ആവശ്യപ്പെട്ട കോപാകുലനായ പിതാവിന്റെ സന്ദേശം, അതിന്റെ ഫേസ്ബുക്ക് പേജിൽ പങ്കിട്ടിരുന്നു. മത സ്പർദ്ധ വളർത്തുന്ന രീതിയിലുള്ള മറ്റു പോസ്റ്റുകളും അവരുടെ പേജുകളിൽ സ്ഥിരം ഉണ്ടാകാറുണ്ട്. മുസ്ലീംകളുടെ വിശുദ്ധ ഗ്രന്ഥമായ ഖുറാന്റെ കർശന വ്യാഖ്യാനമായ 'സലഫിസ്റ്റ് പാത' പിന്തുടരുന്ന ഇമാമുകൾ പള്ളിക്ക് ഉണ്ടായിട്ടുണ്ടെന്ന് അധികൃതർ പറയുന്നു.
മൂന്നാഴ്ച മുമ്പ് ഇറച്ചിവെട്ടുന്ന കത്തി ഉപയോഗിച്ച് രണ്ടുപേരെ ആക്രമിച്ച് പരിക്കേൽപ്പിച്ച 18 കാരനായ പാകിസ്ഥാൻ അഭയാർത്ഥിയുടെ വസതി കൂടിയായിരുന്നു പാന്റിൻ.ഇസ്ലാമിനെ പ്രതിരോധിക്കുക എന്നപേരിൽ തീവ്ര ആശയങ്ങൾ മുസ്‌ലിം സമൂഹത്തിൽ കുത്തിവയ്ക്കുക ആയിരുന്നു പാന്റീൻ മോസ്‌ക്.
ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ പരമ്പരാഗത മൂല്യങ്ങളുടെ മേൽ യാഥാസ്ഥിതിക ഇസ്‌ലാമിക വിശ്വാസങ്ങൾ അടിച്ചേൽപ്പിച്ച് ഒരു സമാന്തര ലോകം രാജ്യത്ത് സൃഷ്ടിക്കുകയാണ് ഇസ്ലാമിക തീവ്രവാദം ചെയ്യുന്നതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു.
'കളക്റ്റീവ് ഷെയ്ഖ് യാസിൻ' എന്ന ഗ്രൂപ്പിനെ പിരിച്ചുവിടാൻ ഉത്തരവിടുമെന്നും മാക്രോൺ പറഞ്ഞു. ഫലസ്തീൻ ഹമാസിന്റെ കൊല്ലപ്പെട്ട നേതാവിന്റെ പേരിൽ അറിയപ്പെടുന്ന ഈ സംഘം 2000 ത്തിന്റെ തുടക്കത്തിലാണ് ആരംഭിച്ചത്. ഇപ്പോഴത്തെ ആക്രമണത്തിൽ ഈ ഗ്രൂപ്പ് എങ്ങനെ ഉൾപ്പെട്ടു എന്നതിന്റെ വിശദാംശങ്ങൾ പുറത്തു വന്നിട്ടില്ല.