സംവിധായകനും നടനുമായ ലാല്‍ ഹിന്ദിയില്‍ അരങ്ങേറ്റം കുറിക്കുന്നു. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം ആയ നെറ്റ്ഫ്‌ളിക്‌സ് ഒരുക്കുന്ന വെബ് സിരീസിലൂടെയാണ് അരങ്ങേറ്റം. 'ഉഡ്താ പഞ്ചാബ്' അടക്കമുള്ള ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകന്‍ അഭിഷേക് ചൗബേ ആണ് സിരീസ് ഒരുക്കുന്നത്. തിരക്കഥാ ചര്‍ച്ചകള്‍ക്കായി മുംബൈയില്‍ എത്തിയപ്പോള്‍ അഭിഷേക് ചൗബേയ്‌ക്കൊപ്പമുള്ള ഒരു ചിത്രം ലാല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ലാലിന്റെ ബോളിവുഡ് സിനിമാ അരങ്ങേറ്റം എന്ന തരത്തിലാണ് സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ ചര്‍ച്ചകള്‍ നടന്നത്.
ഇനിയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലാത്ത സിരീസില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മനോജ് ബാജ്‌പെയിയും കങ്കണ സെന്‍ ഷര്‍മ്മയുമാണ്. അഭിഷേക് ചൗബേ സംവിധാനം ചെയ്യുന്ന പുതിയ വെബ് സിരീസ് ബ്ലാക്ക് കോമഡി വിഭാഗത്തില്‍ പെടുന്ന ഒന്നാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. മുംബൈയ്‌ക്കൊപ്പം കേരളത്തിലെ വാഗമണ്‍, മൂന്നാര്‍ പോലെയുള്ള സ്ഥലങ്ങളിലും ചിത്രീകരണം നടക്കും. കഥാപശ്ചാത്തലത്തില്‍ കടന്നുവരുന്ന തേയില തോട്ടങ്ങള്‍ക്കായാണ് അണിയറക്കാര്‍ കേരളത്തിലും ലൊക്കേഷന്‍ നോക്കിയിരിക്കുന്നത്. അടുത്ത മാസം ചിത്രീകരണം ആരംഭിക്കുമെന്നും സ്വാതന്ത്ര്യദിനത്തില്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വരുമെന്നുമാണ് റിപ്പോര്‍ട്ട്.