തിരുവനന്തപുരം: സംസ്ഥാനത്ത് ഡോക്ടര്‍ക്ക് നേരെ വീണ്ടും അക്രമം. ആറ്റിങ്ങല്‍ ഗോകുലം മെഡിക്കല്‍ സെന്റിലെ ഡോ. ജയശാലിനിക്ക് നേരെ രണ്ട് പേര്‍ ചെരുപ്പ് വലിച്ചെറിയുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. ഡോക്ടര്‍ ആറ്റിങ്ങല്‍ പൊലീസിന് പരാതി നല്‍കി. സംഭവത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ട് പ്രതികളെയും പിടികൂടി. സെബിന്‍, അനസ് എന്നിവരാണ് കസ്റ്റഡിയിലായത്. ഇവര്‍ മദ്യപിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി.
കൈയ്യില്‍ മുറിവുമായാണ് ഇന്നലെ രാത്രി ഏഴ് മണിയോടെ ഇരുവരും ആശുപത്രിയില്‍ വന്നത്. എങ്ങിനെയാണ് മുറിവുണ്ടായതെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കിയില്ല. ചെരിപ്പഴിച്ച് കിടക്കയില്‍ കിടക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് തനിക്ക് നേരെ ചെരിപ്പൂരി വലിച്ചെറിഞ്ഞതെന്ന് ഡോക്ടര്‍ പറഞ്ഞു.
ചെരിപ്പ് ദേഹത്ത് വീഴാതിരിക്കാന്‍ താന്‍ ഒഴിഞ്ഞുമാറിയെന്നും ഒപ്പമുണ്ടായിരുന്ന സിസ്റ്ററിന്റെ ദേഹത്താണ് ഇത് വീണതെന്നും ഡോക്ടര്‍ പറഞ്ഞു. പിന്നീട് അക്രമികള്‍ പുറത്ത് പറയാന്‍ പറ്റാത്ത തരത്തിലുള്ള അസഭ്യ വാക്കുകള്‍ തനിക്ക് നേരെ വിളിച്ചു പറഞ്ഞുവെന്നും തനിക്ക് മുന്‍പരിചയമില്ലാത്തവരാണ് ആക്രമണം നടത്തിയതെന്നും ഡോക്ടര്‍ വ്യക്തമാക്കി.