തിരുവനന്തപുരം: ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ കേരളത്തിന് കൂടുതല്‍ കോവിഡ് വാക്സിന്‍ നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ഓണക്കാലത്ത് അതീവ ജാഗ്രത വേണമെന്നും കോവിഡ് നിയന്ത്രണങ്ങള്‍ കൈവിടരുതെന്നും അദ്ദേഹം പറഞ്ഞു.
1.11 കോടി ഡോസ് വാക്സിനാണ് കേരളം ആവശ്യപ്പെട്ടത്. അത്രയും ഡോസ് നല്‍കുമെന്നും മന്ത്രി പറഞ്ഞു. കോവിഡില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോഴും മരണ നിരക്ക് പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിന് കഴിഞ്ഞു. വാക്സിന്‍ ഒരുതുള്ളിപോലും പാഴാക്കാതെ ഉപയോഗിച്ച നടപടിയെയും അദ്ദേഹം പ്രശംസിച്ചു.
സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയാതെ തുടരുന്ന സാഹചര്യത്തിലാണ് സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്താനായി കേന്ദ്ര ആരോഗ്യമന്ത്രി കേരളത്തിലെത്തിയത്. മുഖ്യമന്ത്രിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും എച്ച്.എല്‍എല്ലിലും ആരോഗ്യ മന്ത്രിയും കേന്ദ്ര സംഘവും സന്ദര്‍ശനം നടത്തി.