ഡബ്ലിൻ: അയർലൻഡിൽ പിതൃവേദി നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു. ദൈവസ്നേഹത്തിലും സഹോദര സ്‌നേഹത്തിലും അധിഷ്ഠിതമായ ധാർമിക ജീവിതത്തിലൂടെ ആത്മീയ വ്യക്തിത്വമുള്ള കുടുംബജീവിതമാണ് പിതൃവേദിയുടെ ലക്ഷ്യമെന്ന് അയർലൻഡ് സീറോ മലബാർ നാഷണൽ കോഓർഡിനേറ്റർ റവ. ഡോ. ക്ലമൻ്റ് പാടത്തിപ്പറമ്പിൽ അഭിപ്രായപ്പെട്ടു. അയർലൻഡ് സിറോ മലബാർ സഭയിലെ പിതൃവേദിയുടെ പാരിഷ്, റീജിയണൽ ഭാരവാഹികളുടെ സൂം മീറ്റിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിതൃവേദി നാഷണൽ ഡയറക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ അധ്യക്ഷത വഹിച്ചു. അയർലൻഡിലെ പിതൃവേദിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുവാൻ എല്ലാ സെന്ററുകളിലും യൂണിറ്റുകൾ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അയർലൻഡ് സീറോ മലബാർ ഫാമിലി അപ്പസ്തൊലേറ്റ് സെക്രട്ടറി അൽഫോൻസ ബിനു ആമുഖപ്രസംഗം നടത്തി.
യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് തോംസൺ തോമസ്, വൈസ് പ്രസിഡന്റ് രാജു കുന്നക്കാട്ട്, സെക്രട്ടറി ഫ്രാൻസീസ് ജോസഫ്, ജോയിന്റ് സെക്രട്ടറി റോജി സെബാസ്റ്റ്യൻ, ട്രഷ്രറർ ബിനു തോമസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജിയോ ജോസ് എന്നിവരെയാണ് പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തത്. റിപ്പബ്ലിക് ഓഫ് അയർലൻഡും വടക്കൻ അയർലൻഡും ആണ് നാഷണൽ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ പ്രവർത്തന പരിധിയിൽ ഉള്ളത്.