അബുദാബി: യുഎഇയിലെ മുന്നണിപ്പോരാളികൾക്ക് ഹൃദയസ്പർശിയായ ആദരവൊരുക്കാൻ അബുദാബിയിലെ വിപിഎസ്-ബുർജീൽ മെഡിക്കൽ സിറ്റിയില്‍ മലയാളത്തിന്‍റെ പ്രിയതാരം മോഹന്‍ ലാലെത്തി. കഴിഞ്ഞവർഷം അന്താരാഷ്ട്ര നഴ്സസ് ദിനത്തില്‍ കോവിഡ് കാലത്തെ സേവനങ്ങള്‍ക്ക് നന്ദി പറഞ്ഞ മോഹന്‍ ലാലിനോട് യുഎഇയിലെത്തിയാല്‍ തങ്ങളെ കാണാന്‍ വരുമോയെന്ന്, ചോദിച്ച രജിസ്‌ട്രേഡ് നഴ്സ് സോണിയ ചാക്കോയ്ക്കും സഹപ്രവർത്തകർക്കും നല്കിയ വാക്കാണ് താരം പാലിച്ചത്. മെഡിക്കൽ സിറ്റിയിലെ കോവിഡ് മുന്നണിപ്പോരാളികളെ സന്ദർശിച്ച താരം പ്രതിസന്ധികാലത്തെ ആരോഗ്യപ്രവർത്തകരുടെ നിരന്തരമായ സേവനത്തിന് നന്ദി പറഞ്ഞു.
കോവിഡ് മഹാമാരി എത്രയും പെട്ടെന്ന് മാറുമെന്ന് പ്രതീക്ഷിക്കാം, ആരോഗ്യപ്രവർത്തകരുടെ വെല്ലുവിളികള്‍ നേരിട്ടറിയുന്ന ആളാണ് താന്‍. കഴിഞ്ഞവർഷം ആരോഗ്യപ്രവർത്തകരോട് സംസാരിക്കാനായതില്‍ സന്തോഷമുണ്ട്, അന്ന് നല്കിയ വാക്ക് പാലിച്ച് ഇവിടെയെത്താന്‍ സാധിച്ചതിന് ദൈവത്തിന് നന്ദി, മോഹന്‍ ലാല്‍ പറഞ്ഞു.

മോഹൻലാലുമായി നഴ്‌സസ് ഡേയിൽ ഫോണിലൂടെ സംസാരിച്ച വിവിധ എമിറേറ്റുകളിലെ നഴ്‌സുമാർ അദ്ദേഹത്തെ കാണാനുള്ള ക്ഷണം സ്വീകരിച്ച് ബുർജീൽ മെഡിക്കൽ സിറ്റിയിൽ എത്തിയിരുന്നു. മറ്റുള്ളവർ ഓൺലൈനായും പങ്കെടുത്തു. ആരോഗ്യപ്രവർത്തകരുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയതിന് വിപിഎസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിലിന് മോഹൻലാൽ നന്ദി പറഞ്ഞു.