അബുദബി: ആഗസ്റ്റ് 29 ഞായറാഴ്ച സ്കൂളുകള്‍ തുറക്കാനിരിക്കെ അധ്യാപകർക്കും വിദ്യാർത്ഥികള്‍ക്കും മാർഗ നിർദ്ദേശം നല്‍കി അബുദബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ്. അധ്യാപകരും വിദ്യാർത്ഥികളും ഓരോ 14 ദിവസത്തിലും കോവിഡ് പിസിആർ പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പിക്കണം. വിദ്യാർത്ഥികളുടെ പ്രായമോ വാക്സിനേഷന്‍ നിലയോ ഇതിന് ബാധകമായിരിക്കില്ല
അബുദബിയിലെ എല്ലാ സ്വകാര്യ ചാർട്ടർ സ്കൂള്‍ വിദ്യാർത്ഥികളും സ്കൂള്‍ പഠനത്തിലേക്ക് തിരിച്ചെത്തി 14 ദിവസത്തിനുളളില്‍ പിസിആർ പരിശോധന നടത്തിയിരിക്കണം. നിശ്ചയ ദാർഢ്യക്കാരായ വിദ്യാർത്ഥികള്‍ക്കും ഈ നിയമം ബാധകമായിരിക്കും. അധ്യാപകരും അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർക്കും നിയമം ബാധകമാണ്.
സ്കൂളുകളിലെത്തുന്ന ആദ്യ ദിവസത്തിന് മുന്‍പ് 14 ദിവസം കാലാവധിയുളള നെഗറ്റീവ് പിസിആർ പരിശോധനാഫലം വേണം. പിന്നീടുളള ഓരോ 14 ദിവസത്തിലും പരിശോധന ആവർത്തിക്കണം.
ഓരോ സ്കൂള്‍ അധികൃതരും 12 വയസിനു മുകളിലുളള വിദ്യാർത്ഥികള്‍ക്കും നിശ്ചിത പരീക്ഷാ കേന്ദ്രങ്ങളില്‍ സ്കൂള്‍ ജീവനക്കാർക്കും സൗജന്യ കോവിഡ് പരിശോധന നല്‍കും. രക്ഷിതാക്കള്‍ക്ക് സ്കൂള്‍ കോഡ്, പരിശോധന സ്ഥലം, പരിശോധന തിയതി എന്നിവ ലഭിക്കുന്നതിന് സ്കൂളുകളുമായി ബന്ധപ്പെടാം.