കാബൂളിലെ ചാവേര്‍ സ്‌ഫോടനം ആസൂത്രണം ചെയ്തത് പാകിസ്ഥാനില്‍; പിന്നില്‍ കൊടും ഭീകരന്‍ മാവലാവി ഫാറൂഖി

കാബൂളിലെ ചാവേര്‍ സ്‌ഫോടനം ആസൂത്രണം ചെയ്തത് പാകിസ്ഥാനില്‍; പിന്നില്‍ കൊടും ഭീകരന്‍ മാവലാവി ഫാറൂഖി

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഹമീദ് കര്‍സായി വിമാനത്താവളത്തിനു സമീപം ചാവേര്‍ ബോംബു സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്തത് പാകിസ്ഥാനില്‍. പാകിസ്ഥാനിലെ ഐ.എസ് തീവ്രവാദ സംഘടനയുടെ പ്രധാനികളിലൊരാളായ മാവലാവി ഫാറൂഖിയാണ് ചാവേര്‍ ആക്രമണങ്ങളുടെ മുഖ്യ സൂത്രധാരനാണെന്നാണ് പുറത്തു വരുന്ന വിവരം.

അഫ്ഗാനിസ്ഥാന്റെ അധികാരം പിടിച്ചെടുത്ത ശേഷം ജയിലില്‍ നിന്ന് താലിബാന്‍ മോചിപ്പിച്ച ഭീകരരില്‍ ഒരാളായിരുന്നു ഫാറൂഖി. രക്ഷപ്പെട്ടതോടെ സുരക്ഷിതമായി പാകിസ്ഥാനിലെത്തിയ ഇയാള്‍ ചാവേര്‍ ആക്രമണങ്ങള്‍ നടത്താനുളള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയായിരുന്നു.


കഴിഞ്ഞ വര്‍ഷം 27പേരുടെ മരണത്തിനിടയാക്കിയ കാബൂളിലെ ഗുരുദ്വാര ആക്രമണത്തിന് പിന്നിലും ഇയാളായിരുന്നു. ആക്രമണത്തില്‍ തനിക്ക് പങ്കുണ്ടെന്ന് ഇയാള്‍ സമ്മതിക്കുകയും ചെയ്തിരുന്നു. പാകിസ്ഥാനിലെ സൈനിക, ഭരണ തലത്തിലെ ഉന്നതരുമായി നല്ലബന്ധമാണ് കൊടും ഭീകരനായ മാവലാവി ഫാറൂഖിക്കുള്ളത്. ഗുരുദ്വാര ആക്രമണത്തിന് ഈ ബന്ധം ഇയാള്‍ ഉപയോഗിച്ചിരുന്നു. ലഷ്‌കര്‍ ഇ തയ്ബ അംഗമായിരുന്ന ഇയാള്‍ പിന്നീട് തെഹ്രിക് ഇ താലിബാനില്‍ അംഗമായി. പിന്നീടാണ് ഐ.എസിലെത്തുന്നത്.

ഇതിനിടെ ചാവേര്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 103 ആയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. മരിച്ചവരില്‍ 13 അമേരിക്കന്‍ പട്ടാളക്കാരും ഉള്‍പ്പെടുന്നു. 150 ലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. വിമാനത്താവളത്തിന്റെ പ്രധാന കവാടത്തിനോട് ചേര്‍ന്ന് അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ രേഖകള്‍ തയ്യാറാക്കുന്ന അമേരിക്കന്‍ സൈനികരായിരുന്നു ചാവേറുകളുടെ പ്രധാന ലക്ഷ്യം.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.