ലണ്ടന്‍: ലോകത്തിലെ ഏറ്റവും വടക്കന്‍ പ്രദേശത്തു സ്ഥിതി ചെയ്യുന്ന ദ്വീപ് കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. മഞ്ഞുരുക്കം അതിവേഗത്തിലായ ഗ്രീന്‍ലന്‍ഡ് പരിസരങ്ങളിലാണ് പുതുതായി ദ്വീപ് ഡാനിഷ്-സ്വിസ് ഗവേഷകര്‍ കണ്ടെത്തിയത്.
1978ല്‍ ഡാനിഷ് സംഘം കണ്ടെത്തിയ ഊഡാഖ് ദ്വീപിലെത്തിയെന്നായിരുന്നു പര്യവേക്ഷണ സംഘം ആദ്യം കരുതിയിരുന്നതെങ്കിലും പിന്നീട് നടത്തിയ പരിശോധനയില്‍ ഇതില്‍നിന്ന് 800 മീറ്റര്‍ വടക്കോട്ടു മാറി സ്ഥിതി ചെയ്യുന്ന പുതിയ ദ്വീപാണെന്ന് തെളിഞ്ഞു.
കടല്‍ നിരപ്പില്‍നിന്ന് പരമാവധി മൂന്നു മീറ്റര്‍ വരെ ഉയരത്തില്‍ 30 മീറ്റര്‍ വീതിയിലാണ് ദ്വീപുള്ളത്. ഉത്തരധ്രുവത്തിന് ഏറ്റവും അടുത്തുള്ള സ്ഥലമാണിതെന്ന് ഗവേഷകര്‍ പറയുന്നു.
മഞ്ഞുപാളികള്‍ നീങ്ങിയപ്പോള്‍ ബാക്കിയായ കല്ലും മണ്ണും ചേര്‍ന്ന മിശ്രിതമാണ് ഇതിന്റെ ഉപരിതലം. ഏറ്റവും ഉത്തരദേശത്തെ ദ്വീപ് എന്നര്‍ഥമുള്ള 'ക്വകര്‍ടാഖ് അവനര്‍ലെഖ്' എന്ന് പേരിടാന്‍ ശിപാര്‍ശ ചെയ്യുമെന്ന് അന്വേഷണ സംഘം പറഞ്ഞു. അടുത്തിടെയായി സമീപ പ്രദേശങ്ങളിലെത്തിയ നിരവധി സംഘങ്ങള്‍ ഏറ്റവും ഉത്തരദേശത്തെ ദ്വീപ് കണ്ടെത്താന്‍ ശ്രമം നടത്തിയിരുന്നു.
2007ല്‍ ആര്‍ടിക് പര്യവേക്ഷകന്‍ ഡെന്നിസ് ഷ്മിഡ്റ്റ് സമീപത്തായി ഒരു ദ്വീപ് കണ്ടെത്തി. ഗ്രീന്‍ലന്‍ഡിലെ മഞ്ഞുപാളികള്‍ അതിവേഗം ഉരുകുന്നത് ആഗോള താപനത്തെ കുറിച്ച ആശങ്ക ഇരട്ടിയാക്കുന്നുണ്ട്. ഏറ്റവും കട്ടിയേറിയ ധ്രുവമഞ്ഞുള്ള പ്രദേശങ്ങളാണിത്. നാലു മീറ്റര്‍ വരെ കട്ടിയിലായിരുന്നത് അടുത്തിടെ 2-3 മീറ്ററായി ചുരുങ്ങിയിട്ടുണ്ട്. ആര്‍ട്ടിക് കടലിലെ അവകാശങ്ങളെ ചൊല്ലി അമേരിക്ക, റഷ്യ, ഡെന്‍മാര്‍ക്, കാനഡ, നോര്‍വേ തുടങ്ങിയ രാഷ്ട്രങ്ങള്‍ തമ്മില്‍ വടംവലി നിലനില്‍ക്കെയാണ് പുതിയ കണ്ടെത്തല്‍.