ഇസ്താംബൂള്‍: അഫ്ഗാനില്‍ നിന്നും രക്ഷാദൗത്യത്തിന്റെ ഭാഗമായി പുറപ്പെട്ട വിമാനത്തില്‍ ഗര്‍ഭിണിക്ക് സുഖപ്രസവം. അഫ്ഗാന്‍ സ്വദേശിയായ സോമന്‍ നൂറിയെന്ന 26കാരിയാണ് പലായനത്തിനിടെ വിമാനത്തില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവവേദന ഉണ്ടായതിനെ തുടര്‍ന്ന് ടര്‍ക്കിഷ് എയര്‍ലൈന്‍ ജീവനക്കാരുടെ സഹായത്തോടെ സോമന്‍ നൂറി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. അങ്ങനെ സമുദ്രനിരപ്പില്‍ നിന്നും മുപ്പതിനായിരം അടി ഉയരത്തില്‍ അഫ്ഗാന്‍ സ്വദേശിക്ക് പെണ്‍കുഞ്ഞ് പിറന്നു.
സോമന്‍ നൂറിയും ഭര്‍ത്താവും കാബൂളില്‍ നിന്ന് ദുബായിലേക്കാണ് ആദ്യമെത്തിയത്. തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയോടെ ബര്‍മിങ്ഹാമിലേക്ക് യാത്ര തിരിച്ചു. ഇതിനിടെയാണ് സോമന്‍ നൂറിക്ക് പ്രസവവേദന ആരംഭിച്ചത്. ഇതോടെ ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞിന്റെ ജനനം ആകാശത്തായി. മുമ്പും വിമാനപ്രസവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും പൊതുവെ അപൂര്‍വമാണ് ഇത്തരം സംഭവങ്ങള്‍. ജീവിതം തിരിച്ചുപിടിക്കാനുള്ള ഓട്ടത്തിനിടയില്‍ ലഭിച്ച കുഞ്ഞിന് ദമ്പതികള്‍ ഹവ്വയെന്ന് പേരിട്ടു.