കാബൂള്‍: അഫ്ഗാന്റെ തലസ്ഥാനമായ കാബൂളിലെ ഹമീദ് കര്‍സായി വിമാനത്താവളത്തിനു സമീപം വീണ്ടും സ്‌ഫോടനം. റോക്കറ്റ് ആക്രമണമാണെന്നാണ് സൂചന. ജനവാസ മേഖലയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു കുട്ടിയടക്കം രണ്ട് പേര്‍ മരിച്ചതായാണ് ആദ്യ റിപ്പോര്‍ട്ട്.
ഐ.എസ് ഖൊറസാനെ (ഐ.സ് കെ) ലക്ഷ്യമിട്ട് യു.എസ് സൈനികര്‍ നടത്തിയ ആക്രമണമാണെന്ന് യു.എസ് അധികൃതരെ ഉദ്ധരിച്ച് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഐ.എസ് ഭീകരര്‍ നടത്തിയ ആക്രമണമാണെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍.
യു.എസിന്റെ ഒഴിപ്പിക്കല്‍ നടപടി പുരോഗമിക്കുന്നതിനിടെ കാബൂള്‍ വിമാനത്താവളത്തില്‍ ആക്രമണം നടത്താനെത്തിയ ഐ.എസ് കെയുടെ ചാവേര്‍ വാഹനത്തെ ലക്ഷ്യമിട്ട് യു.എസ് നടത്തിയ വ്യോമാക്രമണമാണെന്ന് താലിബാന്‍ വക്താവും അറിയിച്ചു.
വ്യാഴാഴ്ച രാത്രി വിമാനത്താവളത്തിലുണ്ടായ ചാവേറാക്രണണത്തില്‍ 13 അമേരിക്കന്‍ സൈനികരടക്കം 182 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. കുട്ടികളും സ്ത്രീകളുമടക്കം അഫ്ഗാന്‍ പൗരന്മാരാണ് കൊല്ലപ്പെട്ടവരിലേറെയും. ഇരുനൂറിലേറെ പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇതില്‍ 18 അമേരിക്കന്‍ സൈനികരുമുണ്ട്. വീണ്ടും ഭീകരാക്രമണ സാധ്യതയുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.