ജയം തനിക്ക് അനിവാര്യമെന്ന് ബൊള്‍സനാരോ; ഇല്ലെങ്കില്‍ അറസ്റ്റ് അഥവാ കൊലപാതകം ഉറപ്പ്

 ജയം തനിക്ക് അനിവാര്യമെന്ന് ബൊള്‍സനാരോ; ഇല്ലെങ്കില്‍ അറസ്റ്റ് അഥവാ കൊലപാതകം ഉറപ്പ്


ബ്രസീലിയ : 2022ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജയിക്കാനായില്ലെങ്കില്‍ അറസ്‌റ്റോ കൊലപാതകമോ ആകും തനിക്കു നേരിടേണ്ടിവരികയെന്ന് ബ്രസീലിന്റെ പ്രസിഡന്റ് ജയ്ര്‍ ബൊള്‍സനാരോ. സുവിശേഷ നേതാക്കളുടെ യോഗത്തില്‍ പങ്കെടുക്കവേ ഉയര്‍ന്ന അഭിപ്രായ പ്രകടനങ്ങളോടു പ്രതികരിക്കവേയാണ് തനിക്ക് ജീവാപായം വരാനുള്ള സാധ്യത അദ്ദേഹം ചൂണ്ടിക്കാട്ടിയത്. 2018ല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വയറ്റില്‍ കത്തിക്കുത്തേറ്റിരുന്നു ബൊള്‍സനാരോയ്ക്ക്.

കൊറോണ വ്യാപനവും സാമ്പത്തിക പ്രതിസന്ധിയും കാലാവസ്ഥാ വ്യതിയാനവും ഉല്‍പ്പെടെ പല കാരണങ്ങളാല്‍ ജനപ്രിയത ഏറെ കുറഞ്ഞിരിക്കവേയാണ് ബൊള്‍സനാരോ വീണ്ടും തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്നത്.അദ്ദേഹത്തിന് വിജയം എളുപ്പമാകില്ലെന്നാണ്് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.രാജ്യത്തെ ഗോത്ര വര്‍ഗക്കാരുടെ ഭൂമിക്കു മേലുള്ള അവകാശം വെട്ടിക്കുറച്ച് പുതിയ നിയമം ബ്രസീല്‍ സര്‍ക്കാര്‍ പാസാക്കാനിരിക്കെ പ്രതിഷേധവുമായി ഗോത്രവര്‍ഗ നേതാക്കള്‍ തലസ്ഥാന നഗരത്തില്‍ സംഗമിച്ചിരുന്നു. ഇവര്‍ തനിക്കെതിരെ ഭീഷണി ഉയര്‍ത്തുന്നുവെന്നാണ് ആരോപണം.അതേസസമയം, ഭൂമിയിലെ ഒരാള്‍ക്കും തന്നെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്നു ബോല്‍സനാരോ പറഞ്ഞു.

2022 ഒക്ടോബറിലാണ് ബ്രസീലില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. അധികാരത്തിലേറിയതിന് ശേഷം നിരവധി ആരോപണങ്ങളാണ് ബോല്‍സനാരോയ്ക്ക് കേള്‍ക്കേണ്ടിവന്നത്. ഭരണത്തിലേറിയതു മുതല്‍ ബോല്‍സനാരോയ്ക്കെതിരെ അഴിമതി ആരോപണം നിലനില്‍ക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനവും, കൊറോണ വ്യാപനവും തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാതെ ഇരുന്നത് ബോല്‍സനാരോ സര്‍ക്കാരിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.