കോട്ടയം: കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരിന് സമീപം പത്തൊമ്പതാം മൈലില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് മരണമടഞ്ഞ വൈദിക വിദ്യാര്‍ഥി തോമസ് കെ. സെബാസ്റ്റ്യന്റെ സംസ്‌ക്കാരം ഇന്ന് വൈകുന്നേരം അഞ്ചിന് കോരുത്തോട് സെന്റ് ജോര്‍ജ് ദേവാലയത്തില്‍ നടക്കും. കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.
അപകടത്തില്‍ മറ്റ് നാലു പേര്‍ക്ക് പരിക്കേറ്റിരുന്നു. സംസ്ഥാന ഓര്‍ഫനേജ് കണ്‍ട്രോളര്‍ ബോര്‍ഡ് അംഗവും കാഞ്ഞിരപ്പിള്ളി രൂപത വൈദികനും കാഞ്ഞിരപ്പള്ളി 'നല്ല സമറായന്‍' ആശ്രമത്തിന്റെ ഡയറക്ടറുമായ ഫാ. റോയി മാത്യു വടക്കേല്‍, കാര്‍ ഡ്രൈവര്‍ അജി മറ്റപ്പിള്ളില്‍, ഷാജി കുന്നക്കാട്ട്, സിസ്റ്റര്‍ ട്രീസ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാഞ്ഞിരപ്പിള്ളിയില്‍ നിന്നും ഇരിട്ടി വള്ളിത്തോട്ടിലേക്ക് പോയ കാറാണ് അപകടത്തില്‍പ്പെട്ടത്.
ബ്രദര്‍ തോമസ് കെ. സെബാസ്റ്റ്യന്‍, കോട്ടയം വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ തത്വശാസ്ത്ര പഠനം പൂര്‍ത്തിയാക്കിയ ശേഷം കാഞ്ഞിരപ്പിള്ളി രൂപതയിലെ ജീവകാരുണ്യ പ്രസ്ഥാനങ്ങളെ ഏകോപിപ്പിക്കുന്ന വി കെയറില്‍ റീജന്‍സി പരിശീലനം ചെയ്തു വരുകയായിരുന്നു.