കൊളംബോ: ഇരട്ട ആനക്കുട്ടികളുടെ പിറവിയോടെ ലോകശ്രദ്ധ നേടി ശ്രീലങ്കയിലെ പിനാവാളാ എലഫന്റ് ഓര്‍ഫനേജ്. സുരംഗി എന്ന 25 വയസുള്ള ആനയാണ് ഒരു പ്രസവത്തില്‍ രണ്ട് കുട്ടികള്‍ക്ക് ജന്‍മം നല്‍കിയത്.അമ്മ ആനയും രണ്ട് കുട്ടിക്കുറുമ്പന്‍മാരും സുഖമായി ഇരിക്കുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.
കുഞ്ഞുങ്ങള്‍ വലുപ്പത്തില്‍ ചെറുതാണെങ്കിലും ആരോഗ്യവാന്‍മാരാണ്. ആനകള്‍ക്കിടയില്‍ ഇരട്ടക്കുട്ടികള്‍ ജനിക്കുന്നത് അപൂര്‍വമാണ്. ശ്രീലങ്കയില്‍ തന്നെ 1941നു ശേഷം ആദ്യമായാണ് ഇരട്ട ആനക്കുട്ടികള്‍ ഉണ്ടാകുന്നത്. കുട്ടിയാനകളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
കാട്ടില്‍ നിന്നും നാട്ടിലിറങ്ങുന്ന ആനകളെ സംരക്ഷിക്കാന്‍ 1975ല്‍ സ്ഥാപിച്ചതാണ് പിനാവാളാ എലിഫന്റ് ഓര്‍ഫനേജ്. 81 ആനകളാണ് ഇപ്പോള്‍ ഇവിടെ ഉള്ളത്. എന്നാല്‍ ആനക്കുട്ടികളെ നേരിട്ട് കാണാന്‍ സന്ദര്‍ശകര്‍ ഇനിയും കാത്തിരിക്കേണ്ടി വരും. തിരക്കേറിയ വിനോദ സഞ്ചാര കേന്ദ്രം കൂടിയായ ഇവിടം കോവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ടിരിക്കുകയാണ്.