ഗര്‍ഭച്ഛിദ്രം ക്രിമിനല്‍ കുറ്റമാക്കുന്ന സുപ്രീം കോടതി വിധി ഭരണഘടനാ വിരുദ്ധമെന്ന വിമര്‍ശനവുമായി ബൈഡന്‍

ഗര്‍ഭച്ഛിദ്രം ക്രിമിനല്‍ കുറ്റമാക്കുന്ന സുപ്രീം കോടതി വിധി ഭരണഘടനാ വിരുദ്ധമെന്ന വിമര്‍ശനവുമായി ബൈഡന്‍

വാഷിംഗ്ടണ്‍:ഗര്‍ഭച്ഛിദ്രം നിയമവിരുദ്ധമാക്കാന്‍ ടെക്സസ് സംസ്ഥാനത്തെ അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ കടുത്ത പദ പ്രയോഗവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍.ഇതിനായി കൊണ്ടുവന്ന നിയമം നടപ്പാക്കുന്നതു തടയേണ്ടതില്ലെന്ന സുപ്രീം കോടതിയുടെ തീരുമാനത്തെ 'സ്ത്രീകളുടെ അവകാശങ്ങള്‍ക്കെതിരായ അഭൂതപൂര്‍വമായ ആക്രമണം' എന്നാണു ബൈഡന്‍ വിശേഷിപ്പിച്ചത്.പുതിയ നിയമത്തെ എതിര്‍ക്കാനുള്ള യുഎസ് സര്‍ക്കാരിന്റെ ശാഠ്യമാണ് ഇതോടെ ആവര്‍ത്തിച്ചു വ്യക്തമായതെന്നു നിരീക്ഷകര്‍ പറയുന്നു.

നിയമം നിലനില്‍ക്കാന്‍ അനുവദിച്ച ജസ്റ്റിസുമാരുടെ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നാണ് സുപ്രീം കോടതി ജഡ്ജിമാരില്‍ ഒരാളായ ജസ്റ്റിസ് സോണിയ സോട്ടോമയോര്‍ പറഞ്ഞത്. ഇതേ വാക്കുകളുടെ ചുവടു പിടിച്ച് കോടതി 'ഭരണഘടനാ വിരുദ്ധമായ അരാജകത്വം' അഴിച്ചുവിട്ടതായി ബൈഡന്‍ കുറ്റപ്പെടുത്തി.'ടെക്‌സസിലെ ദശലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് അനിവാര്യമായ പ്രത്യുല്‍പാദന പരിചരണം തടസപ്പെടാന്‍' നടപടിക്രമ സങ്കീര്‍ണതകളിലൂടെ പരമോന്നത കോടതി ശ്രമം നടത്തുകയാണെന്ന വിചിത്രമായ ആരോപണവും ബൈഡന്‍ ഉന്നയിച്ചു.


തന്റെ സംസ്ഥാനം 'ജീവിക്കാനുള്ള അവകാശം എപ്പോഴും സംരക്ഷിക്കു'മെന്ന് ടെക്‌സസിലെ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് പറഞ്ഞതിനു പിന്നാലെയാണ് ബൈഡന്‍ ശക്തമായ പ്രതികരണത്തിനു മുതിര്‍ന്നത്.'ജീവന് അതിശയകരമായ വിജയം!' എന്ന ട്വീറ്റുമായാണ് ടെക്‌സസിലെ റിപ്പബ്ലിക്കന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഡാന്‍ പാട്രിക് വിധിയെ സ്വാഗതം ചെയ്തത്.

നിലവില്‍ അമേരിക്കയിലെ ഏതൊരു സ്ത്രീ്ക്കും ഗര്‍ഭാധാരണത്തിനും ഗര്‍ഭഛിദ്രം നടത്താനും അതിനെ എതിര്‍ക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. ഗര്‍ഭഛിദ്ര പ്രേരണകള്‍ക്കെതിരെ ഏതൊരു വനിതയ്ക്കും കോടതിയെ സമീപിക്കാം. ഇത്തരം സാഹചര്യത്തില്‍ ഒരു പ്രത്യേക വിധി പുറപ്പെടുവിച്ചത് എന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ലെന്നും ബൈഡന്‍ പറഞ്ഞു.

അന്താരാഷ്ട്ര പ്രോ ലൈഫ് മുന്നേറ്റ ചരിത്രത്തിലെ നിര്‍ണ്ണായക അധ്യായം കുറിച്ചുകൊണ്ടാണ്, ഗര്‍ഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പ് തിരിച്ചറിയുന്ന നിമിഷം മുതല്‍ ഗര്‍ഭച്ഛിദ്രം നിയമവിരുദ്ധമാക്കുന്ന നിയമം നടപ്പാക്കുന്ന ആദ്യ അമേരിക്കന്‍ സംസ്ഥാനമായി ടെക്സസ് മാറിയത്. ആറ് ആഴ്ചയ്ക്കുശേഷമുള്ള ഗര്‍ഭച്ഛിദ്രങ്ങള്‍ തടയുന്നു ഈ നിയമം. ഇത്തരം നിയമങ്ങള്‍ പല സംസ്ഥാനങ്ങളും പാസാക്കിയെങ്കിലും അവ കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടതിനാല്‍ ത്രിശങ്കുവിലായിരുന്നു. പക്ഷേ, വ്യവഹാരങ്ങളുടെ വഴി നോക്കാതെ ടെക്സസ് നിയമം പ്രാബല്യത്തിലാക്കുകയായിരുന്നു.

പ്ലാന്‍ഡ് പേരന്റ്ഹുഡ് ഉള്‍പ്പെടെയുള്ള ഗര്‍ഭച്ഛിദ്ര അനുകൂല സംഘടനകള്‍ നിയമം നടപ്പാക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും 'നിയമം നടപ്പാക്കുന്നത് തടയാന്‍ സാധിക്കില്ല,' എന്നായിരുന്നു സുപ്രീം കോടതിയുടെ നിലപാട്. നാല് ജഡ്ജുമാരുടെ വിയോജിപ്പോടെയാണ്, ഒന്‍പതംഗ സുപ്രീം കോടതി ബെഞ്ച് ടെക്സസിന് അനുകൂലമായ ഭൂരിപക്ഷ വിധി പുറപ്പെടുവിച്ചത്.ടെക്‌സസ് നിയമം ഭരണഘടനാപരമാണോ അല്ലയോ എന്നതിനെക്കുറിച്ചുള്ള ഒരു നിഗമനത്തെ അടിസ്ഥാനമാക്കിയുള്ളതല്ല നിലവിലെ വിധിയെന്നും നിയമപരമായ വെല്ലുവിളികള്‍ക്കുള്ള വാതില്‍ തുറന്നിരിക്കുകയാണെന്നും ജഡ്ജിമാര്‍ പറഞ്ഞു.

ആറ് ആഴ്ച കഴിഞ്ഞു ഗര്‍ഭച്ഛിദ്രം നല്‍കുന്നതിനോ സുഗമമാക്കുന്നതിനോ ബന്ധപ്പെടുന്ന ഏതൊരു വ്യക്തിക്കും എതിരെ ഇനി ടെക്‌സസില്‍ ക്രിമിനല്‍ കേസുണ്ടാകാം. സുപ്രീം കോടതിയുടെ പുതിയ വിധിയെ സമാന നിയമങ്ങള്‍ പാസാക്കിയ സംസ്ഥാനങ്ങള്‍ ഉറ്റുനോക്കുന്നതിനിടെയാണ് യുഎസ് സര്‍ക്കാരിന്റെ ശാഠ്യം വീണ്ടും വ്യക്തമായത്. അമേരിക്കയിലെമ്പാടും ഗര്‍ഭച്ഛിദ്രത്തിന് നിയമസാധുത നല്‍കാന്‍ കാരണമായ 1973 ലെ 'റോ വേഴ്സസ് വേഡ്' കേസിന്റെ പുനഃപരിശോധനയിലേക്കു വഴി തെളിക്കുന്ന സംഭവ വികാസങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നു നിയമ വിദഗ്ധര്‍ പറയുന്നു.ഇതുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ സുപ്രീം കോടതി മാനിച്ചില്ലെന്ന ആരോപണവും ബൈഡന്‍ ഉന്നയിച്ചിട്ടുണ്ട്.

ഗര്‍ഭച്ഛിദ്രം നടത്തിക്കൊടുക്കുന്നരെയും അതിനായി സഹായിക്കുന്നവരെയും നിയമ നടപടികളിലൂടെ ആര്‍ക്കും തടയാനുള്ള സാഹചര്യവും നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അമ്മയുടെ ജീവന് അപകടകരമാവുന്ന സാഹചര്യങ്ങളില്‍ മാത്രമേ നിയമത്തിന് ഉളവുണ്ടാവൂ. ടെക്സസ് സര്‍ക്കാരിന്റെ നടപടിയില്‍ പ്രോലൈഫ് സംഘടനകളും ക്രൈസ്തവ സഭകളും സന്തോഷം രേഖപ്പെടുത്തി. വിവിധ തരത്തിലുള്ള ക്ലേശം അനുഭവിക്കുന്ന ഗര്‍ഭിണികളെ സഹായിക്കാന്‍ പ്രോ ലൈഫ് സംഘടനകള്‍ കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ തയാറാകുന്നുമുണ്ട്.അതേസമയം, അമേരിക്കയിലെമ്പാടും ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കു തുടക്കമിട്ടിരിക്കുകയാണ് പുതിയ ടെക്‌സസ് നിയമം.


https://cnewslive.com/news/15621/-supreme-court-approves-texas-anti-abortion-law-ami

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.