ടെക്സസില്‍ ഗര്‍ഭച്ഛിദ്ര നിരോധന നിയമം നടപ്പാക്കാന്‍ സുപ്രീംകോടതി അനുമതി

ടെക്സസില്‍ ഗര്‍ഭച്ഛിദ്ര നിരോധന നിയമം നടപ്പാക്കാന്‍ സുപ്രീംകോടതി അനുമതി

ഓസ്റ്റിന്‍: അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്ത് ഗര്‍ഭച്ഛിദ്ര നിരോധന നിയമം നടപ്പാക്കാന്‍ സുപ്രീം കോടതി അനുമതി. ആറാഴ്ച്ചയ്ക്കുശേഷമുള്ള ഗര്‍ഭച്ഛിദ്രം നിരോധിക്കുന്ന നിയമമാണ് ബുധനാഴ്ച്ച മുതല്‍ പ്രാബല്യത്തില്‍ വന്നത്. നിയമം നടപ്പാക്കുന്നത് തടയണമെന്ന ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്നവരുടെ ഹര്‍ജി സുപ്രീം കോടതി തള്ളിയതോടെയാണ് നിയമം പ്രാബല്യത്തില്‍ വന്നത്.

ഗര്‍ഭച്ഛിദ്രം നടത്താന്‍ സാമ്പത്തിക സഹായം ഉള്‍പ്പെടെ ചെയ്യുന്ന ആര്‍ക്കെതിരേയും കുറ്റം ചുമത്തി വിചാരണ ചെയ്യാന്‍ അനുവദിക്കുന്നതാണ് നിയമം. ഒരു കേസില്‍ കുറഞ്ഞത് 10,000 ഡോളര്‍ നഷ്ടപരിഹാരമായി ഈടാക്കാനും നിയമം അനുവദിക്കുന്നു. നിയമം നടപ്പാക്കുന്നതിനെതിരേ സംസ്ഥാനത്തുടനീളമുള്ള അബോര്‍ഷന്‍ ക്ലിനിക്കുകള്‍ നടത്തുന്നവര്‍ എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു.

ആറാഴ്ച്ചയ്ക്കു ശേഷമുള്ള ഗര്‍ഭച്ഛിദ്രം നിരോധിക്കുന്ന നിയമം പാസാക്കിയ അമേരിക്കയിലെ 13 സംസ്ഥാനങ്ങളില്‍ ഒന്നാണ് ടെക്‌സസ്. മേയിലാണ് ടെക്സസിലെ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് ബില്ലില്‍ ഒപ്പുവച്ചത്. ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്നവര്‍ കേസ് നല്‍കിയതോടെയാണ് നിയമം പ്രാബല്യത്തില്‍ വരുന്നത് വൈകിയത്.

ഗര്‍ഭച്ഛിദ്രത്തില്‍ നിന്ന് ഗര്‍ഭസ്ഥ ശിശുക്കളെ സംരക്ഷിക്കുന്ന സുപ്രീം കോടതി വിധിയില്‍
ടെക്‌സസ് റൈറ്റ് ടു ലൈഫ് എന്ന സംഘടന ആഹ്‌ളാദം പ്രകടിപ്പിച്ചു. നിയമം ലംഘിക്കുന്നവരെക്കുറിച്ച് വിവരങ്ങള്‍ രഹസ്യ സ്വഭാവത്തോടെ സമര്‍പ്പിക്കാനുള്ള സൗകര്യം അവരുടെ വെബ്‌സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്.

ബലാത്സംഗത്തിന് ഇരയാകുന്നവര്‍ക്കും പുതിയ നിയമപ്രകാരം ഗര്‍ഭച്ഛിദ്രത്തിന് അനുവാദമില്ല. ഗര്‍ഭച്ഛിദ്രം നടത്തുന്ന ഡോക്ടര്‍മാര്‍, അബോര്‍ഷന്‍ ക്ലിനിക്കിലെ ജീവനക്കാര്‍, സഹായിക്കുന്ന കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കേസ് എടുക്കാന്‍ പുതിയ നിയമപ്രകാരം സാധിക്കും.

'ദൈവം നമുക്ക് ജീവിക്കാനുള്ള അവകാശം നല്‍കി. എന്നിട്ടും ഗര്‍ഭച്ഛിദ്രം കാരണം ദശലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍ക്കാണ് ജീവിക്കാനുള്ള അവകാശം നഷ്ടപ്പെടുന്നത്. ടെക്സസില്‍ ആ ജീവനുകള്‍ രക്ഷിക്കാനാണു ശ്രമിക്കുന്നത്. അതിനുവേണ്ടിയാണ് നിയമനിര്‍മാണം നടത്തിയത്'-ബില്ലില്‍ ഒപ്പിട്ടുകൊണ്ട് ഗവര്‍ണര്‍ അബോട്ട് അന്ന് പറഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.