ലക്ഷ്യം 100 സീറ്റ്, 90 സീറ്റുകള്‍ ഉറപ്പെന്ന് കനഗോലുവിന്റെ റിപ്പോര്‍ട്ട്: നേരത്തേ കളം പിടിക്കാന്‍ യുഡിഎഫ്; കോണ്‍ഗ്രസിന്റെ മെഗാ പഞ്ചായത്ത് ജനുവരി 19 ന്

ലക്ഷ്യം 100 സീറ്റ്,  90 സീറ്റുകള്‍ ഉറപ്പെന്ന് കനഗോലുവിന്റെ റിപ്പോര്‍ട്ട്: നേരത്തേ കളം പിടിക്കാന്‍ യുഡിഎഫ്; കോണ്‍ഗ്രസിന്റെ മെഗാ പഞ്ചായത്ത് ജനുവരി 19 ന്

തിരഞ്ഞെടുപ്പിന് മുന്നോടിയായി സമര പ്രചാരണ പരിപാടികള്‍.

വി.ഡി. സതീശന്‍ നയിക്കുന്ന കേരള യാത്ര ഫെബ്രുവരിയില്‍.

സുല്‍ത്താന്‍ ബത്തേരി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് 90 സീറ്റുകള്‍ ഉറപ്പെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലുവിന്റെ റിപ്പോര്‍ട്ട്. 100 സീറ്റുകള്‍ ലക്ഷ്യം വയ്ക്കണമെന്നും സുല്‍ത്താന്‍ ബത്തേരിയിലെ കെപിസിസി നേതൃ ക്യാമ്പില്‍ സുനില്‍ കനഗോലു അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.

കനഗോലുവിന്റെ നേതൃത്വത്തിലുള്ള ഇന്‍ക്ലൂസീവ് മൈന്‍ഡ്‌സ് ടീം 140 നിയമസഭാ മണ്ഡലങ്ങളിലും നടത്തിയ രഹസ്യ സര്‍വേയുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തല്‍. ഓരോ മണ്ഡലത്തിലെയും വോട്ടര്‍മാരുടെ പ്രായം, ലിംഗഭേദം, അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്നിവ ഡാറ്റാ അനലിറ്റിക്‌സ് വഴി വിശകലനം ചെയ്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

മുന്‍പ് കോണ്‍ഗ്രസ് വിജയിച്ചിരുന്നതും എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ നഷ്ടപ്പെട്ടതുമായ മണ്ഡലങ്ങള്‍ തിരിച്ചു പിടിക്കാന്‍ മുന്‍ഗണന നല്‍കും. ജനപ്രീതി കുറഞ്ഞ എംഎല്‍എമാര്‍ക്ക് പകരം പുതിയ മുഖങ്ങളെ പരീക്ഷിക്കാനും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.

വിജയ സാധ്യതയുള്ള പുതുമുഖങ്ങളെയും യുവാക്കളെയും വനിതകളെയും ഉള്‍പ്പെടുത്തിയുള്ള സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കണമെന്നും നിര്‍ദേശമുണ്ട്. ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ പൂര്‍ണമായും ശാസ്ത്രീയമായ രീതികളാണ് അവലംബിച്ചത്. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണെന്നാണ് വിശദമായ സര്‍വേയുടെ അടിസ്ഥാനത്തിലുള്ള വിലയിരുത്തല്‍.

നിലവില്‍ യുവാക്കളെയും പ്രത്യേക രാഷ്ട്രീയമില്ലാത്തവരെയും സ്വാധീനിക്കാന്‍ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകള്‍ കേന്ദ്രീകരിച്ചുള്ള പ്രത്യേക പ്രചാരണ തന്ത്രങ്ങള്‍ ഇന്‍ക്ലൂസീവ് മൈന്‍ഡ്‌സ് തയ്യാറാക്കുന്നുണ്ട്. തിരുവനന്തപുരത്ത് അത്യാധുനിക സൗകര്യങ്ങളുള്ള വാര്‍ റൂം സ്ഥാപിച്ച് താഴെത്തട്ടിലുള്ള രാഷ്ട്രീയ ചലനങ്ങള്‍ നിരീക്ഷിക്കുകയും തന്ത്രങ്ങള്‍ മെനയുകയും ചെയ്യുന്നുണ്ട്.

സര്‍ക്കാരിനെതിരെ ശക്തമായ ഭരണ വിരുദ്ധ വികാരമുണ്ടെന്നും അവയെ എങ്ങനെ വോട്ടാക്കി മാറ്റാം എന്നും ഓരോ മണ്ഡലത്തിലെയും പ്രാദേശിക പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്നും പ്രത്യേകം വിശകലനം ചെയ്യുന്നുണ്ട്. കര്‍ണാടകയിലും തെലങ്കാനയിലും കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച അതേ സംഘമാണ് ഇപ്പോള്‍ കേരളത്തിലും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

സര്‍ക്കാരിന് എതിരായ ഇനിയുള്ള പ്രചാരണത്തിന് പ്രത്യേക ടാഗ് ലൈന്‍ തീരുമാനിക്കും. 'കടക്ക് പുറത്ത്' അടക്കമുള്ള പേരുകള്‍ പരിഗണനയിലുണ്ട്. തിരഞ്ഞെടുപ്പിന് ഒരുക്കമായുള്ള സമര പ്രചാരണ പരിപാടികളിലേക്ക് കടക്കാനും നേതൃ ക്യാമ്പില്‍ തീരുമാനമെടുത്തു.

ഇതുപ്രകാരം തൊഴിലുറപ്പ് പദ്ധതിയിലെ കേന്ദ്ര ഇടപെടലിനെതിരെ രണ്ട് ദിവസത്തെ രാപ്പകല്‍ സമരം, എസ്‌ഐആറുമായി ബന്ധപ്പെട്ട് ഭവന സന്ദര്‍ശനം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ തുടര്‍ സമരങ്ങള്‍ എന്നിവയാണ് പ്രധാന പരിപാടികള്‍.

ഇതിന് പുറമേ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച മുഴുവന്‍ കോണ്‍ഗ്രസ് പ്രതിനിധികളെയും പങ്കെടുപ്പിച്ച് ജനുവരി 19 ന് കോണ്‍ഗ്രസിന്റെ മെഗാ പഞ്ചായത്ത് നടക്കും. സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന കേരള യാത്ര ഫെബ്രുവരിയില്‍ നടത്തും. ഇതിന് മുന്‍പ് ആദ്യഘട്ട സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാനുള്ള ഊര്‍ജിത ശ്രമവും ഉടന്‍ ആരംഭിക്കും.

തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ മികച്ച വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. നിലവില്‍ അണികള്‍ക്കിടയിലുള്ള ആവേശം മങ്ങാതെ ഒറ്റക്കെട്ടായുള്ള പ്രചാരണ പരിപാടികള്‍ക്ക് എത്രയും വേഗം തുടക്കമിടാനും കെപിസിസി നേതൃ ക്യാമ്പില്‍ തീരുമാനമായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.