'ഐക്യമുള്ള സമുദായത്തിന് കാലഘട്ടത്തിന്റെ ദിശ മാറ്റാന്‍ കഴിയും': മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍

'ഐക്യമുള്ള സമുദായത്തിന് കാലഘട്ടത്തിന്റെ ദിശ മാറ്റാന്‍ കഴിയും': മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍

സീറോമലബർ സമുദായ ശക്തീകരണ വർഷം 2026 ഉദ്ഘടനം മേജർ ആര്‍ച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ  നിർവഹിക്കുന്നു. ആര്‍ച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി, ആര്‍ച്ച് ബിഷപ് മാർ തോമസ് തറയിൽ,  ആര്‍ച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, ഫാ. പോൾ പുതുവ, മദർ റോസിലി ജോസ് ഒഴുകയിൽ,  ബീനാ ജോഷി, അഡ്വ. സാം സണ്ണി,  രാജീവ് കൊച്ചുപറമ്പിൽ എന്നിവർ സമീപം

കൊച്ചി; വിശ്വാസത്തില്‍ ഉറച്ചതും ഐക്യബോധത്തില്‍ ശക്തമായതുമായ സമുദായത്തിന് കാലഘട്ടത്തിന്റെ ദിശ മാറ്റാന്‍ കഴിയുമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സീറോമലബാര്‍ സമുദായ ശക്തീകരണ വര്‍ഷം 2026 ന്റെ സഭാതല ഉദ്ഘടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദേഹം.

വ്യക്തിപരമായ വിശ്വാസ അനുഭവങ്ങളില്‍ മാത്രം തൃപ്തിയടയാതെ, വിശ്വാസ ബോധ്യങ്ങളെ സമൂഹ നന്മയ്ക്കായി പ്രവര്‍ത്തന സജ്ജമാക്കുമ്പോളാണ് സമുദായം ചരിത്രത്തെ സ്വാധീനിക്കുന്ന ശക്തിയായി മാറുന്നത്. രൂപതകള്‍, സമര്‍പ്പിത സമൂഹങ്ങള്‍, കുടുംബങ്ങള്‍, യുവജനങ്ങള്‍, വിദ്യാഭ്യാസ സാമൂഹിക സ്ഥാപനങ്ങള്‍ ഇവയെല്ലാം ഒരേ ലക്ഷ്യത്തോടെ വളര്‍ത്തിയെടുക്കുന്ന ഐക്യബോധമാണ് നമ്മുടെ യഥാര്‍ത്ഥ ശക്തി. അത്തരമൊരു കൂട്ടായ്മയില്‍ നവീകരിക്കപ്പെടുമ്പോള്‍ മാത്രമാണ് ക്രൈസ്തവ സമുദായത്തിന് കാലഘട്ടത്തിന്റെ ദിശയെ സുവിശേഷ മൂല്യങ്ങളുടെ പ്രകാശത്തില്‍ രൂപാന്തരപ്പെടുത്താന്‍ കഴിയുന്നതെന്നും മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.

സീറോ മലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ കണ്‍വീനര്‍ ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ സ്വാഗതം ആശംസിച്ചു. പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആമുഖ പ്രഭാഷണം നടത്തി. കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ യോഗത്തിന് നന്ദിയര്‍പ്പിച്ചു. സീറോ മലബാര്‍ ബിഷപ്സ് സിനഡ് സെക്രട്ടറി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ സെക്രട്ടറി ഫാ. ജെയിംസ് കൊക്കവയലില്‍, മറ്റ് പിതാക്കന്‍മാര്‍, വിന്‍സന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ ഫാ. പോള്‍ പുതുവ, എസ്.എ.ബി.എസ് സന്യാസിനീ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ മദര്‍ റോസിലി ജോസ് ഒഴുകയില്‍, സഭാ കാര്യാലയത്തിലെ വൈദികര്‍, സന്യസ്തര്‍, സീറോമലബാര്‍ മാതൃവേദി ഗ്ലോബല്‍ പ്രസിഡന്റ് ബീനാ ജോഷി, സീറോമലബാര്‍ യുവജന സംഘടനയുടെ പ്രസിഡന്റ് അഡ്വ. സാം സണ്ണി എന്നിവര്‍ സംബന്ധിച്ചു.

മുപ്പത്തിനാലാം സിനഡിന്റെ ഒന്നാം സമ്മേളനത്തിന് പ്രാരംഭമായി നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ സഭയുടെ വിവിധ തലങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.