കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ നാരായണ്താല ഗ്രാമത്തില്‍ പുതുതായി നിര്‍മിച്ച ആംഗ്ലിക്കന്‍ പള്ളിയുടെ കൂദാശ കര്‍മങ്ങള്‍ക്കിടെ ഹിന്ദുത്വ വാദികളുടെ അതിക്രമം. ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകരാണ് ആക്രമണം അഴിച്ചു വിട്ടത്.
ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ ബാരക്പുര്‍ രൂപതാധ്യക്ഷന്‍ സുബ്രതോ ചക്രവര്‍ത്തി, വൈദികര്‍, സ്ത്രീകളും കുട്ടികളും അടക്കമുള്ള വിശ്വാസികള്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങിലേക്ക് മുപ്പതോളം വരുന്ന അക്രമി സംഘം അതിക്രമിച്ചു കയറി ആക്രമണം നടത്തുകയായിരുന്നു.
ദേവാലയത്തിലെ തിരുക്കര്‍മങ്ങള്‍ തടസപ്പെടുത്തിയ അക്രമികള്‍ പള്ളി വളപ്പില്‍ നാശനഷ്ടങ്ങള്‍ വരുത്തുകയും കുരിശ് തകര്‍ക്കുകയും ചെയ്തു. തടയാന്‍ ശ്രമിച്ച വൈദികരെയും സംഘാടക പ്രതിനിധികളെയും വിശ്വാസികളെയും ക്രൂരമായി മര്‍ദിച്ചു.
ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചവരുടെ ഫോണുകള്‍ തകര്‍ത്തതായി പോലീസ് വെളിപ്പെടുത്തി. യാതൊരു മതപരമായ ചടങ്ങുകളും നടത്താന്‍ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കിയായിരുന്നു ആക്രമണം.
ക്രൈസ്തവ സംഘടനയായ 'ബംഗീയ ക്രിസ്തീയ പരിസേബ' (ബിസിപി) ആക്രമണത്തെ അപലപിച്ചു. പശ്ചിമ ബംഗാളില്‍ ബിജെപി ഭരണത്തിലെത്തിയ ശേഷം സംസ്ഥാനത്തെ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം രൂക്ഷമാണ്.
പൂര്‍ബ മെഡ്നിപൂര്‍, പടിഞ്ഞാറന്‍ മെഡ്നിപൂര്‍, നോര്‍ത്ത് 24 പര്‍ഗാനാസ്, സൗത്ത് 24 പര്‍ഗാനാസ്, ഹൗറ, ഹൂഗ്ലി എന്നീ ജില്ലകളില്‍ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മെയ് നാലിന് ബിജെപി അധികാരത്തില്‍ വന്നതിന് ശേഷം പോലീസിന്റെ സമീപനത്തില്‍ മാറ്റം വന്നതായി ആക്രമണത്തിന് ഇരയായ പലരും പറഞ്ഞു.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഈസ്റ്റ് മിഡ്നാപൂര്‍ ജില്ലയിലുള്ള പാന്സ്കുരയിലെ വെസ്റ്റ് അര്ജുന്ഡ ഗ്രാമത്തില്‍ വിശ്വഹിന്ദു പരിഷത്തുമായി (വി.എച്ച്.പി) ബന്ധമുള്ളവരുടെ സംഘം ബലിചക് കത്തോലിക്കാ ഇടവകയ്ക്ക് കീഴിലുള്ള 'ക്രൈസ്റ്റ് ദി കിംഗ് മിഷന് ചര്‍ച്ചിലെ അംഗങ്ങളായ കുടുംബത്തിന് നേരെ ആക്രമണം നടത്തുകയും വിശുദ്ധ ബൈബിള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.