ന്യൂയോര്‍ക്ക്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) വൈകാതെ തന്നെ ഒരു വലിയ ദുരന്തം സൃഷ്ടിച്ചേക്കാമെന്ന മുന്നറിയിപ്പുമായി എഐയുടെ തലതൊട്ടപ്പനെന്ന് വിശേഷിപ്പിക്കപ്പെടുന്ന നൊബേല്‍ ജേതാവ് ജെഫ്രി ഹിന്റണ്‍.
ഈ വര്‍ഷമോ അടുത്ത വര്‍ഷമോ ചെര്‍ണോബില്‍ മാതൃകയിലുള്ള ഒരു ദുരന്തം ഉണ്ടായേക്കാമെന്നാണ് അദ്ദേഹം പറയുന്നത്. അതിലൂടെ സാമ്പത്തിക-വൈദ്യുതി സംവിധാനങ്ങള്‍ താല്‍കാലികമായി തടസപ്പെട്ടേക്കാമെന്നും ജെഫ്രി ഹിന്റണ്‍ പറഞ്ഞു.
നിയന്ത്രണം നഷ്ടപ്പെട്ട അവസ്ഥയിലുള്ളതോ തെറ്റായ രീതിയില്‍ ക്രമീകരിച്ചതോ ആയ എഐ ഏജന്റുകള്‍ക്ക് പവര്‍ ഗ്രിഡുകള്‍, ഫിനാന്‍ഷ്യല്‍ നെറ്റ് വര്‍ക്കുകള്‍, ആശയ വിനിമയ സംവിധാനങ്ങള്‍ അല്ലെങ്കില്‍ ഓട്ടോണമസ് റോബോട്ടിക് സംവിധാനങ്ങള്‍ തുടങ്ങിയ നിര്‍ണായക അടിസ്ഥാന സൗകര്യങ്ങളിലേക്ക് കടന്നു കയറാന്‍ കഴിഞ്ഞേക്കാമെന്നും അത് വലിയ ദുരന്തത്തിന് കാരണമായേക്കാമെന്നും മുന്‍പും പല വിദഗ്ധരും മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. ഈ പശ്ചാത്തലത്തിലാണ് ജെഫ്രി ഹിന്റണിന്റെ പരാമര്‍ശം ശ്രദ്ധേയമാകുന്നത്.
എഐ ഉയര്‍ത്തുന്ന വലിയ ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും ഹിന്റണ്‍ പരോക്ഷമായി വിമര്‍ശിച്ചു. മനുഷ്യരാശി ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചില്ലായിരുന്നുവെങ്കില്‍ അതായിരുന്നു കൂടുതല്‍ നന്നാവുക എന്ന'ദി ഗാര്‍ഡിയന്‍' പത്രത്തോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
'ഞാന്‍ എഐയെക്കുറിച്ച് വലിയ ആശങ്ക പരത്തുന്ന ആളല്ല. എന്നാല്‍ ഈ വര്‍ഷാവസാനമോ അടുത്ത വര്‍ഷമോ നമ്മള്‍ ഒരു 'ചെര്‍ണോബില്‍ ദുരന്തം' കണ്ടേക്കാം. എന്താണ് സംഭവിക്കുക എന്ന് നിങ്ങള്‍ക്ക് ഊഹിക്കാനാവുമോ? എങ്കില്‍ നമുക്ക് അതില്‍ നിന്ന് കരകയറാന്‍ കഴിഞ്ഞേക്കും' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങള്‍ എന്ന് ഉദ്ദേശിച്ചത് ആരെക്കുറിച്ചാണെന്ന ചോദ്യത്തിന് 'ട്രംപ് ഒഴികെയുള്ള ലോക നേതാക്കള്‍' എന്നായിരുന്നു ജെഫ്രി ഹിന്റണിന്റെ മറുപടി. എഐ വികസനത്തിന്റെ വേഗം കുറയ്ക്കാനുള്ള നീക്കങ്ങളെ അതിശക്തമായി എതിര്‍ത്തിരുന്ന നേതാവാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഈ പശ്ചാത്തലത്തിലാണ് വിമര്‍ശനം എന്നാണ് സൂചന.
മത്സരത്തില്‍ മുന്‍തൂക്കം നേടുന്നതിനായി മികച്ച എഐ മോഡലുകള്‍ വികസിപ്പിക്കാന്‍ തിടുക്കം കാട്ടുന്ന സാം ഓള്‍ട്ട്മാന്‍, എലോണ്‍ മസ്‌ക് തുടങ്ങിയ എഐ കമ്പനി മേധാവികളെയും എഴുപത്തെട്ടുകാരനായ അദ്ദേഹം വിമര്‍ശിച്ചു. മസ്‌കും സാം ഓള്‍ട്ട്മാനും അപകട സാധ്യതകള്‍ മനസിലാക്കുന്നുണ്ട്. പക്ഷേ അവര്‍ക്ക് അതൊന്നും ഒരു പ്രശ്നമേയല്ല. അവര്‍ക്ക് പണമാണ് പ്രധാനമെന്നും ഹിന്റണ്‍ ആരോപിച്ചു.
ആരാണ് ജെഫ്രി ഹിന്റണ്‍?
ഇന്നത്തെ രീതിയിലുള്ള എഐ സംവിധാനങ്ങള്‍ക്കും ആപ്ലിക്കേഷനുകള്‍ക്കും കരുത്ത് പകരുന്ന മെഷീന്‍ ലേണിങ്ങിന് അടിത്തറയിട്ട ശാസ്ത്രജ്ഞനാണ് നൊബേല്‍ ജേതാവായ ജെഫ്രി ഹിന്റണ്‍. എന്നാല്‍ അതിവേഗത്തിലുള്ള എഐ മുന്നേറ്റത്തില്‍ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം പിന്നീട് താന്‍ ജോലി ചെയ്തിരുന്ന സ്ഥാപനമായ ഗൂഗിളുമായുള്ള ബന്ധം ഉപേക്ഷിച്ചു. എഐ ഇത്തരത്തില്‍ മുന്നേറുന്ന പക്ഷം ഈ സാങ്കേതിക വിദ്യ കൈവിട്ടു പോയേക്കാമെന്ന് ഹിന്റണ്‍ മുന്‍പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.