അനീതി നിറഞ്ഞ സമ്പദ് വ്യവസ്ഥ ലോക സമാധാനത്തിന് കനത്ത ഭീഷണി: മാര്‍പാപ്പ

അനീതി നിറഞ്ഞ സമ്പദ് വ്യവസ്ഥ ലോക സമാധാനത്തിന് കനത്ത ഭീഷണി: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: നീതിയുക്തമല്ലാത്തതും പ്രകൃതിയെ ചൂഷണം ചെയ്യുന്നതുമായ സാമ്പത്തിക വളര്‍ച്ചാ രീതികള്‍ ലോക സമാധാനത്തിന് കനത്ത ഭീഷണിയാണ് ഉയര്‍ത്തുന്നതെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. വത്തിക്കാനിലെ പൊതുകൂടികാഴ്ച്ചയില്‍ നല്‍കിയ സന്ദേശത്തിലാണ് പാപ്പ സാമ്പത്തിക-രാഷ്ട്രീയ രംഗങ്ങളിലെ അസമത്വങ്ങളെ കുറിച്ച് സംസാരിച്ചത്.

'ക്രൈസ്തവ വിശ്വാസത്തിനും സഭയുടെ സാമൂഹിക പ്രബോധനത്തിനും അനുസൃതമായി സാമ്പത്തിക, രാഷ്ട്രീയ ജീവിതത്തില്‍ ഇടപെടുന്നത് സമാധാനം കെട്ടിപ്പടുക്കാനുള്ള വഴിയാണ്. ജനങ്ങളുടെയും അനീതി അനുഭവിക്കുന്നവരുടെയും മുറിവുകള്‍ ഉണക്കുന്ന രാഷ്ട്രീയം മാനവരാശിക്ക് ഭാവിയിലേക്കുള്ള പ്രത്യാശയാണ് സമ്മാനിക്കുന്നത്.

ഫ്രാന്‍സിസ് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചതുപോലെ യുദ്ധം എന്നത് രാഷ്ട്രീയത്തിന്റെയും മാനവരാശിയുടെയും പരാജയമാണ്. ലജ്ജാകരമായ കീഴടങ്ങലും, തിന്മയുടെ ശക്തികള്‍ക്ക് മുന്നിലുള്ള ദയനീയമായ തോല്‍വിയുമാണത്'- മാര്‍പാപ്പ വ്യക്തമാക്കി.

ഏറ്റവും ദുര്‍ബലരായ സാമൂഹിക വിഭാഗങ്ങള്‍ക്കും കുടിയേറ്റക്കാര്‍ക്കും എതിരെയുള്ള വിവേചനം ഇല്ലാതാക്കാന്‍ പ്രതിജ്ഞാബദ്ധരാകാനുള്ള ആഹ്വാനങ്ങള്‍ക്ക് ഇന്നത്തെ കാലത്ത് പ്രാധാന്യം ഏറെയാണ്. എല്ലാവര്‍ക്കും തങ്ങളുടെ കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്താനുള്ള അവസരങ്ങള്‍ നല്‍കുക എന്നതാണ് യഥാര്‍ഥ വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ സമൂഹം നിലകൊള്ളുന്നത് പൊതുനന്മയ്ക്കായി മാത്രമാണെന്ന് ആവര്‍ത്തിച്ച മാര്‍പാപ്പ, അതിനാല്‍ തന്നെ പ്രാദേശികവും ചരിത്ര പരവുമായ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി രൂപകല്‍പ്പന ചെയ്യപ്പെടുകയും പ്രവര്‍ത്തിക്കുകയും വേണമെന്നും കൂട്ടിച്ചേര്‍ത്തു.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ 'ഗൗഡിയം എത്ത് സ്‌പെസ്' പ്രമാണരേഖയെ അടിസ്ഥാനമാക്കി നടത്തിയ പ്രഭാഷണത്തിലാണ് സാമ്പത്തിക-രാഷ്ട്രീയ രംഗങ്ങളിലെ അസമത്വങ്ങളെ പാപ്പ വിമര്‍ശിച്ചത്.

കേവലം സാങ്കേതിക പരിഹാരങ്ങള്‍ കൊണ്ടു മാത്രം ഇന്നത്തെ സാമ്പത്തിക പ്രതിസന്ധികള്‍ പരിഹരിക്കാനാകില്ലെന്നും സമൂഹം വലിയ രീതിയിലുള്ള മാനസിക മാറ്റത്തിനും നയപരമായ പരിഷ്‌കാരങ്ങള്‍ക്കും തയ്യാറാകണമെന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.